ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അക്രമം വെടിയണം: സുധീരന്‍
കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അക്രമം നടത്തുന്നത് ഗുരു നിന്ദയാണെന്നും ഹിംസാത്മകമായ സമീപനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അവര്‍ തയാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സിയുടെ ശ്രീനാരായണ ഗുരുസന്ദേശയാത്രയുടെ ഉദ്ഘാടനം തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ആശയങ്ങള്‍ ഏറ്റെടുക്കാന്‍ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആദ്യം ചെയ്യേണ്ടത് മനുഷ്യത്വമുള്ളവരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഒരുഭാഗത്ത് ഭീകരതയെ എതിര്‍ക്കുമ്പോള്‍ മറുഭാഗത്ത് ആളുകളെ വകവരുത്തുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. നമുക്ക് ജാതിയില്ലെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ സ്വാഗതം ചെയ്യുന്നു. ഗുരുവിന്റെ മദ്യത്തിനെതിരേയുള്ള സന്ദേശവും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഗുരുവിന്റെ പ്രചാരണങ്ങള്‍ വിപുലമായി നടത്തുന്ന സര്‍ക്കാര്‍ യു.ഡി.എഫിന്റെ മദ്യനയം അട്ടിമറിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ പ്രമോദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍മന്ത്രി കെ സുധാകരന്‍, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, പി രാമകൃഷന്‍, നാരായണന്‍ കുട്ടി, വി.വി പുരുഷോത്തമന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എ.ഡി മുസ്തഫ സംബന്ധിച്ചു. ഇന്നുരാവിലെ യാത്ര താഴെചൊവ്വ, തോട്ടട, മുഴപ്പിലങ്ങാട്, ധര്‍മ്മടം, തലശേരി ടൗണ്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനു ശേഷം വൈകുന്നേരം തലശേരി ജഗന്നാഥ ക്ഷേത്രപരിസരത്ത് സമാപിക്കും. സമാപനസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."