ചെന്നൈയിനുമായുള്ള പോരാട്ടത്തില്‍ 'സമനില' തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്
ചെന്നൈ: മരീന അരീനയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയുമായുള്ള പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില.
അയല്‍ക്കാരെ ഗോള്‍ രഹിത സമനിലയിലാണ് കേരളം പിടിച്ചുകെട്ടിയത്. ആദ്യ പകുതിയില്‍ ചെന്നൈയിനും രണ്ടാം പകുതിയില്‍ കേരളവും തുടര്‍ച്ചയായ ആക്രമണം നടത്തിയെങ്കിലും ഇരുവലയും ചലച്ചില്ല.
കേരളത്തിന്റെ പ്രതിരോധ മതിലായ ഹ്യൂസിലും ജിങ്കനിലും തട്ടിയാണ് ചെന്നൈയുടെ ആക്രമണം നിഷ്ഫലമായത്. എന്നാല്‍ കഴിഞ്ഞ കളികളിലെ ഹീറോ ബെല്‍ഫോര്‍ട്ട് ഒന്നിലേറെ സുവര്‍ണാവസരങ്ങള്‍ തുലച്ചപ്പോള്‍ അര്‍ഹിച്ച ജയം ബ്ലാസ്റ്റേഴ്‌സിന് അന്യമായി.
ആദ്യ പകുതിയിലെ ആലസ്യത്തില്‍ നിന്നും മോചിതരായി രണ്ടാം പകുതിയില്‍ ഇരുകൂട്ടരും വജ്രായുധങ്ങളുമായി കളം നിറഞ്ഞെങ്കിലും മികച്ചൊരു ഫിനിഷറുടെ ബൂട്ടിന്റെ കുറവ് നികത്താന്‍ ഇരുപക്ഷത്തും ആര്‍ക്കുമായില്ല.
നിരവധി തുറന്ന അവസരങ്ങളും മുന്നേറ്റങ്ങളുമുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 63 ശതമാനം സമയത്തും പന്ത് കൈവശം വെക്കാന്‍ കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സായിരുന്നു കളിയിലെ കേമന്‍മാര്‍. അവസാന മിനിറ്റുകളിലേക്ക് ചെന്നൈയിന്‍ കരുതിവെച്ച അവരുടെ കുന്തമുന ജെജെ കളത്തിലിറങ്ങിയതോടെ പോര് മുറുകിയെങ്കിലും ഗോള്‍വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. ഇതിനിടെ സമനില ഉറപ്പിച്ച് റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മൈതാനത്തിന്റെ ഒരു ഭാഗത്ത് ചെന്നൈയിന്‍, ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരസ്പരം സംഘട്ടനത്തിലേക്കാണ് പോയത്.
മത്സരശേഷം കയ്യാങ്കളിയിലേക്ക് നീങ്ങിയ ടീമുകളെ റഫറിയും കോച്ചുമാരും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
ഇതോടെ ഓരോ പോയിന്റുകള്‍ പങ്കുവെച്ച് ഇരുടീമുകളും പിരിഞ്ഞു.. ഇതോടെ രണ്ടു ജയവും രണ്ടു സമനിലയും രണ്ടു പരാജയവുമായി പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ നാലാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."