ഫെല്ലോഷിപ്പു കിട്ടിയില്ല; ജെ.ആര്‍.എഫ് ഗവേഷകര്‍ ദുരിതത്തില്‍
ഫെല്ലോഷിപ്പ് സര്‍വകലാശാല നല്‍കണമെന്ന യു.ജി.സി നിര്‍ദേശവും നടപ്പിലായില്ല
നീലേശ്വരം: വര്‍ഷങ്ങളായി ഫെല്ലോഷിപ്പു ലഭിക്കാത്തതുമൂലം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത ജെ.ആര്‍.എഫ് ഗവേഷകര്‍ ദുരിതത്തില്‍. 2012 മുതല്‍ ഗവേഷണത്തിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണു നാലു വര്‍ഷമായിട്ടും ഫെല്ലോഷിപ്പ് ലഭിക്കാത്തത്.
യു.ജി.സിയില്‍ നിന്നും യഥാസമയം ഫെല്ലോഷിപ്പ് നേടിയെടുക്കാന്‍ കഴിയാത്തതു സര്‍വകലാശാലയുടെ വീഴ്ചയാണെന്നു ഗവേഷകര്‍ ആരോപിക്കുന്നു. 29 ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണു ഫെല്ലോഷിപ്പ് ലഭിക്കാത്തത്.
2016 ജൂലൈ മുതല്‍ കാനറാ ബാങ്കുവഴിയാണു ഗവേഷകര്‍ക്കു ഫെല്ലോഷിപ്പ് ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ജൂണ്‍ 30 വരെയുള്ള ഫെല്ലോഷിപ്പ് സര്‍വകലാശാല നല്‍കണമെന്നു യു.ജി.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
എന്നിട്ടും ഫെല്ലോഷിപ്പ് ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ സമരങ്ങളും നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു ജൂണ്‍ 30 നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതിനായി ഒന്നരക്കോടി രൂപ സര്‍വകലാശാല ഫണ്ടില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചിരുന്നു.
തുടര്‍ന്നു സിന്‍ഡിക്കേറ്റ് പുനഃസംഘടന നടന്നതോടെ അതില്‍ ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞു തീരുമാനം നടപ്പിലാക്കുന്നതു മാറ്റിവച്ചു. പുതിയ സിന്‍ഡിക്കേറ്റും ഇക്കാര്യത്തില്‍ അനുകൂല നിലപാടു കൈക്കൊണ്ടെങ്കിലും തീരുമാനം നടപ്പിലായില്ലെന്നു മാത്രം.
ഫെല്ലോഷിപ്പിന്റെ കാര്യം അന്വേഷിച്ചു ചെല്ലുന്ന ഗവേഷകര്‍ക്കു ഇത്രയും തുകയുടെ ബാധ്യത ഏറ്റെടുക്കാന്‍ സര്‍വകലാശാലയ്ക്കു കഴിയില്ലെന്ന മറുപടിയാണത്രേ ലഭിക്കുന്നത്.
എട്ടു ലക്ഷം വരെ ഫെല്ലോഷിപ്പിനത്തില്‍ ലഭിക്കാനുള്ള ഗവേഷകര്‍ ഇക്കൂട്ടത്തിലുണ്ട്. ഓരോരുത്തര്‍ക്കും കിട്ടാനുള്ള തുക കിട്ടിയെന്നു കാണിച്ചു യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റു നല്‍കിയാല്‍ അതു യു.ജി.സിക്കു അയക്കാമെന്നും യു.ജി.സി ഫണ്ട് അനുവദിക്കുകയാണെങ്കില്‍ അതു നല്‍കാമെന്നുമാണു സര്‍വകലാശാല അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
ഫെല്ലോഷിപ്പ് ലഭിക്കാത്തതു കൊണ്ടുതന്നെ ഗവേഷണത്തിനായി വേണ്ടിവരുന്ന ചിലവു താങ്ങാന്‍ പറ്റാതെ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണു ഗവേഷക വിദ്യാര്‍ഥികളുള്ളത്.
അതേസമയം മാര്‍ച്ച് 31 നു യു.ജി.സി സര്‍വകലാശാലയ്ക്കു നല്‍കിയ 50 ലക്ഷം രൂപ ഇനിയും മുഴുവനായും വിദ്യാര്‍ഥികള്‍ക്കു നല്‍കിയിട്ടില്ലെന്ന പരാതിയുമുണ്ട്.
പി.എച്ച്.ഡി വിഭാഗത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മറ്റു വിഭാഗങ്ങളില്‍ പി.എസ്.സി മുഖേന നിയമനം നടന്നെങ്കിലും ഈ വിഭാഗത്തിലെ ഒഴിവു മാത്രം നികത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."