ജെ.ഡി.യു അച്ഛന്റെയും മകന്റെയും പാര്‍ട്ടിയല്ല: എം.പി വീരേന്ദ്ര കുമാര്‍ എം.പി
കോഴിക്കോട്: ജെ.ഡി.യു അച്ഛന്റെയും മകന്റെയും പാര്‍ട്ടിയല്ലെന്ന് എം.പി വീരേന്ദ്ര കുമാര്‍ എം.പി. തെരഞ്ഞെടുപ്പിനു ശേഷം കോഴിക്കോട് ചേര്‍ന്ന ജനതാദള്‍ (യു)ജില്ലാ ഘടകത്തിന്റെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു അച്ഛന്റെയും മകന്റെയും പാര്‍ട്ടിയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ തന്റെ കുടുംബത്തില്‍ നിന്നാരേയും മന്ത്രിയാക്കിയിട്ടില്ല. തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റികളില്‍ വ്യക്തിപരമായ ചര്‍ച്ചയുടെ ആവശ്യമില്ല. പാര്‍ട്ടിയുടെ പ്രശ്നങ്ങള്‍ അതാത് ഘടകങ്ങള്‍ പരിഹരിക്കണം. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പേരുകള്‍ ദേശീയ അധ്യക്ഷനുമായി സംസാരിച്ചിട്ടില്ലെന്നും ഇനി പാര്‍ട്ടിക്കു വേണ്ടി എം.പി എന്ന നിലയില്‍ രാജ്യ സഭയില്‍ ശക്തമായി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എം.വി ശ്രേയാംസ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്നണി സംവിധാനത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അത് പരിഹരിക്കപെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷനായി. പി. കിഷന്‍ചന്ദ്, വി. കുഞ്ഞാലി, ഡോ. സാദിഖ്, എം.കെ ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."