'സ്‌നേഹാമൃതം'; കിടപ്പിലായ ചന്ദ്രന് കട്ടില്‍ കൈമാറി
കാലിക്കടവ്: കൊടക്കാട് വെള്ളച്ചാലിലെ ബിജുവിന്റെ 'സ്‌നേഹാമൃതം' പദ്ധതിയുടെ സഹായഹസ്തം കൂടുതല്‍ പേരിലേക്ക്. തെക്കേ മാണിയാട്ടെ ചന്ദ്രന് ഇനി കട്ടിലില്‍ നടുനിവര്‍ന്നു കിടക്കാം. അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നുവെങ്കിലും തളരാതെ മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന ചെറുപ്പക്കാരനാണ് ബിജു. രോഗങ്ങളാല്‍ തളര്‍ന്നു പോയവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഇദ്ദേഹം ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌നേഹാമൃതം. പഞ്ചായത്തിനകത്തും പുറത്തുമുള്ള നിരവധി പേരിലേക്ക് ബിജുവിന്റെ സഹായഹസ്തം നീണ്ടു കഴിഞ്ഞു.
കൈകാലുകള്‍ തളരുകയും കിടക്കാന്‍ കട്ടില്‍ പോലുമില്ലാതെ പ്രയാസപ്പെടുകയും ചെയ്യുന്ന തെക്കേ മാണിയാട്ടെ ചന്ദ്രന്റെ വേദന സുഹൃത്തുക്കളാണ് ബിജുവിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അധികം വൈകാതെ കട്ടിലുമായി ബിജുവും സുഹൃത്തുക്കളും ചന്ദ്രന്റെ അരികിലെത്തുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നുള്ള വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതം പറ്റിയാണ് ബിജുവിന് അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടത്. എന്നാല്‍ തളര്‍ന്നിരിക്കാതെ സോപ്പ് പൊടി, ഫിനോയില്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി. ഇതില്‍ നിന്നുള്ള വരുമാനമാണ് പാവപ്പെട്ടവര്‍ക്കായി എത്തിച്ചു നല്‍കുന്നത്. നിരവധിപേര്‍ക്ക് വീല്‍ ചെയറുകള്‍, ഭക്ഷണ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തുകഴിഞ്ഞു. സ്‌നേഹാമൃതം പദ്ധതിയിലൂടെയുള്ള കട്ടില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ ചന്ദ്രന് കൈമാറി. വൈസ് പ്രസിഡന്റ് പി.ശൈലജ അധ്യക്ഷയായി . കെ. ദാമോദരന്‍, ടി.വി. രാഘവന്‍, കെ. ദാമോദരന്‍, ടി.ഓമന, പി. പി. കൃഷ്ണന്‍, സ്മിത, ഇ.രമണി, ശുഭ, കെ പ്രഭാവതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."