ഗതാഗതക്കുരുക്ക് പുതിയ നിര്‍ദേശങ്ങളുമായ് കലക്ടര്‍
നവംബര്‍ അഞ്ചു മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ കറന്തക്കാട് നിന്ന് നേരിട്ട് ഡിപ്പോയില്‍ പ്രവേശിക്കും.
കുണ്ടും കുഴിയും നിറഞ്ഞ കറന്തക്കാട്ടെയും പുതിയ ബസ് സ്റ്റാന്‍ഡിലെയും റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കാന്‍ കലക്ടര്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും.
കാസര്‍കോട്: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കലക്ടര്‍. മംഗലാപുരത്തു നിന്നും കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ കറന്തക്കാട് നിന്ന് നേരിട്ട് ഡിപ്പോയില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദേശമുയര്‍ന്നത്.
നവംബര്‍ അഞ്ചിനു പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അഞ്ചിനു കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫിസര്‍ ടി.കെ ഗിരീഷ് കുമാര്‍, ആര്‍.ടി.ഒ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ഗതാഗതക്കുരുക്ക് നേരിട്ടു പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നഗരത്തിലേക്കിറങ്ങും.
120 തവണയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നഗരം ചുറ്റി ഡിപ്പോയില്‍ പ്രവേശിക്കുന്നത്. ഇത് മൂലം ഏകദേശം 400 കിലോമീറ്റര്‍ അധികം ഓടേണ്ടി വരുന്നു.
പുതിയ നിര്‍ദേശം നടപ്പിലായാല്‍ കെ.എസ്.ആര്‍.ടി.സിക്കു സമയവും ഇന്ധനവും ലാഭിക്കാം. ഈ കാരണത്താല്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുണ്ട് പരിഹരിക്കാന്‍ സിറ്റി ബസുകള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്നുള്ള ബസുകളും പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണം. നിലവില്‍ സ്വകാര്യ ബസുകള്‍ അത്തരത്തിലാണ് യാത്ര അവസാനിപ്പിക്കുന്നത്. പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ നിന്ന് ബസ്‌സ്റ്റോപ്പ് മെട്രോ ഹോട്ടലിന് മുന്നിലേക്ക് മാറ്റും. പ്രത്യേക ഡിവൈഡര്‍ സ്ഥാപിച്ച് ഇവിടെ ബസ്‌വെ നിര്‍മിക്കും. സമാനരീതിയില്‍ എം.ജി. റോഡില്‍ ബദ്‌രിയ ഹോട്ടലിന് മുന്നിലും ബസ്‌വെ നിര്‍മിക്കും.
ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തിലുള്ള തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്നും യോഗത്തില്‍ ജില്ലാകലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പഴയ ബസ് സ്റ്റാന്‍ഡില്‍ കോഫീഹൗസിലേക്കുള്ള റോഡിലെ വഴിയോര കച്ചവടക്കാരെയും മത്സ്യമാര്‍ക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെയുമായിരിക്കും പുനരധിവസിപ്പിക്കുക. കുണ്ടും കുഴിയും നിറഞ്ഞ കറന്തക്കാട്ടെയും പുതിയ ബസ്റ്റാന്റിലെയും റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കാനും കലക്ടര്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി.ക്ക് മുമ്പിലും പഴയ ബസ്സ്റ്റാന്റിലും പേ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കും. യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍, ബസ് ഉടമസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."