വെണ്ണേക്കോട് വൈദ്യുതീകരണം: യു.ഡി.എഫ് വിശദീകരണ യോഗം നടത്തി
അകമ്പാടം: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് കാട്ടുനായ്ക്ക കോളനിയില്‍ 16 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം തുടരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സി.പി.എം ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മറുപടിയായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകമ്പാടത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.
വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ കോളനിയില്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ കോളനി നിവാസികള്‍ക്ക് വൈദ്യുതി നല്‍കിയതുമായി ബന്ധപ്പെട്ട് കരാറുകാരനും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ വ്യക്തിയെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ പഞ്ചായത്ത് സെക്രട്ടറി ഐ.ടി.ഡി.പി ഓഫിസര്‍ക്ക് വ്യാജബില്ല് നല്കി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് യുഡിഎഫ് ഉയര്‍ത്തുന്ന പ്രധാന ആരോപണം.
യു.ഡി.എഫ് ഭരണകാലത്തെ അഴിമതി അന്വേഷിക്കുന്നതോടൊപ്പം എല്‍.ഡി.എഫിന്റെ പത്തുമാസത്തെ അഴിമതി കൂടി അന്വേഷിക്കാന്‍ തയാറുണ്ടോയെന്നും യു.ഡി.എഫ് നേതാക്കള്‍ വെല്ലുവിളിച്ചു. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കോരങ്കോട് കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. ഹാരിസ് ബാബു മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കള്‍ സംസാരിച്ചു. യോഗത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."