പാനൂര്‍ സാമൂഹിക കേന്ദ്രത്തെ സ്പെഷാലിറ്റി ആശുപത്രിയായി മാറ്റും
പാനൂര്‍: താലൂക്കു തല ആശുപത്രിയായി മാറുന്ന പാനൂര്‍ സാമൂഹിക കേന്ദ്രത്തെ സ്പെഷാലിറ്റി ആശുപത്രിയായി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അഞ്ചു വര്‍ഷം കൊണ്ടു ലക്ഷ്യപ്രാപ്തിയിലെത്താനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നിലവിലെ സി.എച്ച്.സി കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റണം. രണ്ടര ഏക്കറെങ്കിലും ഇതിനായി വേണ്ടിവരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലത്തെ പറ്റി കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാനൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്കു തല ഗ്രേഡിലേക്ക് വന്ന ആരോഗ്യ കേന്ദ്രത്തില്‍ ലാബ്, എക്സ് റേ, ടെക്നീഷ്യന്‍സ് , ഫാര്‍മസിസ്റ്റ്, ഉള്‍പ്പെടെയുള്ള തസ്തികയിലേക്കു ജീവനക്കാരെ നിയമിച്ചു. ഇവര്‍ അടുത്ത ദിവസം ചാര്‍ജെടുക്കും. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കും.
കൂത്തുപറമ്പ് മണ്ഡലത്തില്‍ സമഗ്ര വികസനമാണു ലക്ഷ്യമിടുന്നത്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറായി വരുന്നുണ്ട്. വൈകാതെ വികസന സെമിനാര്‍ നടത്തും. പാട്യം, കൂത്തുപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലൊന്ന് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. മറ്റ് എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ പ്രധാനധ്യാപകരെ വിളിച്ചു ചേര്‍ത്തു ചര്‍ച്ച ചെയ്യും.
പൊയിലൂരില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങാന്‍ നടപടികളായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മാതൃക കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. കനകമലയും നരിക്കോട്ടുമലയും ടൂറിസ്റ്റു കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമം നടത്തും. കരിയാട് തുരുത്തി മുക്ക് പാലവും കടവത്തൂര്‍ കല്ലാച്ചേരി കടവു പാലവും യാഥാര്‍ഥ്യമാക്കുമെന്നും ഇതിന്റെ പദ്ധതി തയാറാക്കി തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."