കാര്‍ത്തികപുരം അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യമില്ല കുട്ടികളോട് എന്തിനീ അവഗണന...?
ആലക്കോട്: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ദുരിതംപേറി കാര്‍ത്തികപുരം അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും. ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന ഇവിടെ ആവശ്യത്തിനു കുടിവെള്ളമോ വൈദ്യുതിയോ ഇല്ല.
ചുട്ടുപൊള്ളുന്ന ചൂടില്‍ പാഠപുസ്തകങ്ങള്‍ വിശറിയായി ഉപയോഗിക്കേണ്ട ഗതികേടിലാണു പിഞ്ചുകുട്ടികളും ജീവനക്കാരും. ഉദയഗിരി പഞ്ചായത്ത് ഓഫിസിനു വിളിപ്പാടകലെയാണ് അങ്കണവാടിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഫാനും ബള്‍ബുകളും ഒക്കെ മുറിക്കുള്ളിലുണ്ടെങ്കിലും അവ കാഴ്ചവസ്തുക്കള്‍ മാത്രമായി മാറുകയാണ്. കുട്ടികള്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള കണ്ടെയ്‌നര്‍ പോലും ഇവിടെയില്ല. അഞ്ചു സെന്റ് സ്ഥലത്തു കാല്‍നൂറ്റാണ്ടു മുമ്പു നിര്‍മിച്ച കെട്ടിടം മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കും.
കുട്ടികള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ പോലും രക്ഷിതാക്കളാണു നല്‍കുന്നത്. എന്നാല്‍ സമീപത്തെ പല അങ്കണവാടികളിലും കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഓരോ വര്‍ഷവും ഇവിടെയെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.
ചുറ്റുമ തിലിനോടു ചേര്‍ന്നു സ്വകാര്യ വ്യക്തി മണ്ണു നീക്കം ചെയ്തതോടെ കെട്ടിടത്തിന്റെ സുരക്ഷയും ഭീഷണിയിലാണ്.
നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ തുടരുന്ന മൗനത്തിനെതിരേ പ്രദേശത്തു പ്രതിഷേധം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."