കേരളം വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനം: പ്രഖ്യാപനം ചൊവ്വാഴ്ച
തിരുവനന്തപുരം: കേരളം വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി നവംബര്‍ ഒന്നിനു പ്രഖ്യാപിക്കും.
കേന്ദ്ര ഗ്രാമവികസന -കുടിവെളള-ശുചിത്വ വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും.
ഇതോടെ ഇന്ത്യയിലെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിട വിസര്‍ജ്ജന വിമുക്ത (ഒ.ഡി.എഫ്) സംസ്ഥാനം എന്ന പദവി കേരളത്തിനു സ്വന്തമാകും.
പദ്ധതി മൂന്നുമാസംകൊണ്ടാണ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിലായി 1,74,720 ശുചിമുറികളാണ് ജനകീയ പങ്കാളിത്തത്തോടുകൂടി പൂര്‍ത്തീകരിച്ചത്. ശുചിത്വമിഷനോടൊപ്പം ഗ്രാമപഞ്ചായത്തുകളുടെയും, ഉദ്യോഗസ്ഥരുടെയും, സന്നദ്ധ സംഘടനകളുടെയും കൂട്ടായ പരിശ്രമവും ഈ പദ്ധതിയെ പൂര്‍ണ്ണവിജയത്തിലെത്തിക്കാന്‍ സഹായിച്ചു.
ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങളില്‍ നിന്നുമായി ഏകദേശം 8 ലക്ഷത്തോളം ജനങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ വിഹിതമായി 12000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 3400 രൂപയുമാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്.
ഇതിനു പുറമെ ശുചിമുറി നിര്‍മ്മാണത്തിനായി ബുദ്ധിമുട്ടുളള മലയോര, തീരദേശവെളളക്കെട്ട് മേഖലകളിലുളള ഓരോ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ അധിക ധനസഹായമായി 10,000 രൂപ മുതല്‍ 60,000 രൂപവരെ നല്‍കിയിട്ടുണ്ട്. വൈകുന്നേരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ശുചിത്വമുറപ്പിക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."