വ്യാജ രേഖ ചമയ്ക്കല്‍: കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം
തലശ്ശേരി: വ്യാജ രേഖ ചമച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ ഖാദറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
പരാതിയില്‍ കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജൂലായ് 21 ന് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വൈസ്ചാന്‍സലര്‍ക്ക് അനുകൂലമെന്ന നിലയിലായതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു.
പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളും വാദങ്ങളും മുഖ വിലക്കെടുത്താണ് ഇന്നലെ ജഡ്ജ് വി.ജയറാം പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഗവേഷണത്തിനിടെ അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്യുന്ന കോളജിലും ഗവേഷണം നടത്തുന്ന കോളജുകളിലും ഹാജരായെന്ന വ്യാജ രേഖ ചമച്ചെന്ന പരാതിയിലാണ് കോടതി വിധി.
വിജിലന്‍സ് നേരത്തെ സമര്‍പ്പിച്ച ദ്രുത പരിശോധനാ റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പരാതിക്കാരന് റിപ്പോര്‍ട്ടിന്‍ മേല്‍ എതിര്‍വാദം നടത്താനുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ജൂനിയര്‍ ലൈബ്രേറിയനായ പയ്യന്നൂര്‍ സ്വദേശി പി.സുരേന്ദ്രനായിരുന്നു പരാതിക്കാരന്‍. അഡ്വ.ബി.പി ശശീന്ദ്രന്‍ മുഖേനയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്.
ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജില്‍ ഗവേഷണം നടത്തുന്നതിനിടെ അബ്ദുല്‍ ഖാദര്‍, അദ്ദേഹം ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് നെഹ്രു കോളജിലും ഹാജരാകുകയും ജോലി ചെയ്തതായി രേഖകളില്‍ കണ്ടെത്തുകയായിരുന്നു. ഒരേ ദിവസം രണ്ട് കോളജിലെയും രജിസ്റ്ററുകളില്‍ ഒപ്പുവച്ചതായും ഇതു മൂലം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊതു അവധി ദിവസങ്ങളില്‍ പോലും ഗവേഷണത്തിന് ഹാജരാകുന്ന കോളജിലെ രജിസ്റ്ററില്‍ അബ്ദുല്‍ ഖാദര്‍ ഒപ്പുവച്ചതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെയില്‍ പരീക്ഷാ മൂല്യ നിര്‍ണയ ക്യാംപിലും ഇയാള്‍ ഹാജരായതായുള്ള രേഖകളും പരാതിക്കാരന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."