ടോം ജോസിനെതിരായ നടപടി; വിജിലന്‍സ് റിപ്പോര്‍ട്ട് വൈകും
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് വൈകും. വ്യാഴാഴ്ചക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. ഹൈക്കോടതിയില്‍ തനിക്കെതിരേയുള്ള കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോഴെന്നും ടോം ജോസിനെതിരേയുള്ള റിപ്പോര്‍ട്ട് അതിനുശേഷം പരിഗണിക്കാമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി മറ്റന്നാളാാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന തീരുമാനത്തിനുശേഷമാകും ടോം ജോസിനെതിരേ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കാണു റിപ്പോര്‍ട്ട് കൈമാറുക. ചീഫ് സെക്രട്ടറി തല ചര്‍ച്ചക്കുശേഷമായിരിക്കും ടോം ജോസിനെതിരേയുള്ള സര്‍ക്കാര്‍ നടപടി.
നേരത്തെ അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കെ.എം എബ്രഹാമിന്റെ വസതിയിലെ റെയ്ഡ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി പി.കെ.രാജേന്ദ്രന് വിജിലന്‍സ് എ.ഡി.ജി.പി ഷേഖ് ദര്‍വേശ് സാഹിബിന് വിശദീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."