ഇ-മെയില്‍ കേസ്; ഹിലരിയെ വിടാതെ എഫ്.ബി.ഐ
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരേ കൂടുതല്‍ അന്വേഷണത്തിനുള്ള അനുമതി തേടി എഫ്.ബി.ഐ. ഹിലരിയുടെ ഇ-മെയില്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനുള്ള പരിശോധന വേണമെന്നും അതിനുള്ള വാറന്റ് പുറപ്പെടുവിക്കണമെന്നുമാണ് എഫ്.ബി.ഐ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമമന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമി ഹിലരിക്കെതിരേ നടത്തുന്ന നീക്കത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായി എതിര്‍ത്തു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എഫ്.ബി.ഐയുടെ കേസെന്നും ജെയിംസ് കോമി നിയമത്തെ മറികടക്കുകയാണെന്നും മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹാരി റെയ്ഡ് പറഞ്ഞു.
ഹിലരിക്കെതിരേ കൂടുതല്‍ അന്വേഷണത്തിനു വേണ്ടി ഹിലരിയുടെ സഹായിയുടെ കംപ്യൂട്ടര്‍ പരിശോധിക്കാനാണ് വാറന്റ് പുറപ്പെടുവിക്കണമെന്ന് എഫ്.ബി.ഐ ആവശ്യപ്പെട്ടത്. 'മിനി ഹിലരി' എന്നറിയപ്പെടുന്ന ഹുമ അബ്ദിനിന്റെ കംപ്യൂട്ടറാണു പരിശോധിക്കുക. ഇവരുടെ മുന്‍ ഭര്‍ത്താവും ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററുമായിരുന്ന അന്തോണി വെയ്‌നറുടെ ഇ-മെയിലും പരിശോധിക്കണമെന്ന് എഫ്.ബി.ഐ പറയുന്നു.
ഹിലരി സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഹുമ അബ്ദിന് മെയില്‍ അയച്ചിരുന്നു. ഇതാണ് എഫ്.ബി.ഐ കണ്ടെത്തിയത്. അന്തോണി വെയ്‌നര്‍ 15കാരിയുമായി നടത്തിയ ലൈംഗിക ചാറ്റിങ്ങിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഹിലരിയുടെ സ്വകാര്യ ഇ-മെയില്‍ ഐഡി കണ്ടെത്തിയത്. 6.5 ലക്ഷത്തോളം ഇ-മെയിലുകള്‍ ലാപ്‌ടോപ് ഉപയോഗിച്ച് അയച്ചിട്ടുണ്ടെന്നാണ് എഫ്.ബി.ഐ പറയുന്നത്.
അതിനിടെ, ഹിലരി ക്ലിന്റനെ ലക്ഷ്യംവച്ച് എഫ്.ബി.ഐ മറ്റൊരു നീക്കം കൂടി നടത്തിയെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ് ' റിപ്പോര്‍ട്ട് ചെയ്തു. ബില്‍ ക്ലിന്റണ്‍ അസോസിയേറ്റ്‌സിനെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് എഫ്.ബി.ഐ നിയമമന്ത്രാലയത്തെ സമീപിച്ചത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നടത്തുന്ന സ്ഥാപനത്തിനെതിരേ അന്വേഷണം നടത്താന്‍ ആവശ്യമായ തെളിവില്ലെന്നു കണ്ടെത്തി നിയമമന്ത്രാലയം ഈ നീക്കം തടയുകയായിരുന്നുവെന്നു പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."