'പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ -നല്ല നാട് നല്ല മണ്ണ് ' കാംപയിന് ഇന്ന് തുടക്കം
കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. അഞ്ചുമാസത്തോടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളെ ജില്ലയില്‍ നിന്നു നാടുകടത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍- നല്ല നാട്, നല്ല മണ്ണ്' എന്നതാണ് കാംപയിന്റെ മുദ്രാവാക്യം. മാലിന്യ നിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി അടുത്ത ഏപ്രില്‍ രണ്ടോടെ കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസിബ്ള്‍ പ്ലെയിറ്റ്, കപ്പ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കും.
ഇതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളപ്പിറവി ദിനമായ ഇന്ന് തുടക്കമാവുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചുമാസം കൊണ്ട് ഇവ പടിപടിയായി നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യംവച്ചുള്ളതാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. പകരം ബാഗുകള്‍ക്കായി കൈത്തറി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ് ഇനിയുള്ള നാളുകളില്‍ നടക്കുക. സ്‌കൂള്‍ തലം തൊട്ടാണ് പ്ലാസ്റ്റ് വിമുക്തമാക്കാനുള്ള പദ്ധതിയാരംഭിക്കുന്നത്.
ഇന്നു മുതലുള്ള അഞ്ച് മാസത്തിനിടയില്‍ കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ മൂന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഏപ്രില്‍ രണ്ടോടെ ഈ മൂന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ജില്ലയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും അവസാനിക്കും.
പ്ലാസ്റ്റിക് കാരി ബാഗിനു പകരം കണ്ണൂരിന്റെ മുഖമുദ്രയായ കൈത്തറിയില്‍ നെയ്ത ബാഗുകള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കും.
സ്വന്തം തുണി ബാഗുമായി സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പുകളിലേക്കും ടിഫിന്‍ ബോക്‌സുമായി പാര്‍സലിനായി ഹോട്ടലുകളിലേക്കും പോകുന്ന രീതി പ്രോല്‍സാഹിപ്പിക്കും. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുടമകള്‍, കാറ്ററിങ് ഏജന്‍സികള്‍, ഓഡിറ്റോറിയം നടത്തിപ്പുകാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ പ്രാദേശികമായി വിളിച്ചുചേര്‍ത്ത് പ്ലാസ്റ്റിക് മുക്ത പദ്ധതിയില്‍ പങ്കാളികളാക്കും.
പ്ലാസ്റ്റിക് വിമുക്ത കണ്ണൂരെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകകള്‍ ശാസ്ത്രിയമായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ ഒരുവലിയ ദൗത്യത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത്, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പദ്ധതി വിജയിപ്പിക്കാന്‍ തീരുമാനമായി.
കാംപയിന്‍ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രകാശനം ചെയ്തു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍, ഇരിണാവ് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കല്യാശ്ശേരി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവര്‍ രൂപകല്‍പന ചെയ്തു പുറത്തിറക്കിയ കൈത്തറി ബാഗുകളുടെ ലോഞ്ചിങും ചടങ്ങില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രമേശന്‍, ഇരിണാവ് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, വൈശാഖ്, നിഫ്റ്റ് വിദ്യാര്‍ഥികളായ വിഷ്ണു, ഹിബ, ഇന്ദുജ, അവിനാശ്, മെഹെക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."