മിനി സിവില്‍ സ്റ്റേഷന് കെട്ടിടം കാഴ്ച വസ്തു: കെട്ടിടമുണ്ടായാലും പ്രവര്‍ത്തനം തുടങ്ങില്ല
പയ്യന്നൂര്‍: മൂന്നുകോടി ചെലവഴിച്ചു നിര്‍മിച്ച പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന് കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നു. പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരിടത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴും ഒരു സര്‍ക്കാര്‍ ഓഫിസ് പോലും സിവില്‍ സ്റ്റേഷന് കെട്ടിടത്തിലേക്കു മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ ഈ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ ആറു നിലയില്‍ സിവില്‍ സ്റ്റേഷന് കെട്ടിടം പണിയാന്‍ 486 കോടി രൂപ അനുവദിച്ചു. എന്നാല്‍ പഴയ പൊലിസ് സ്റ്റേഷന് കെട്ടിടം പൊളിച്ചുമാറ്റി മിനി സിവില്‍ സ്റ്റേഷന് പണിയുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിര്‍മാണം തടസ്സപ്പെട്ടു.
പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷമാണ് നിലവിലുളളതിന് അനുമതിയായത്. 11 ഓഫിസുകള്‍, ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പടെ മൂന്നു നില കെട്ടിടത്തിനു 2.85 കോടി അനുവദിച്ചു. നിര്‍മാണം ആരംഭിച്ചതോടെ 3.11 കോടി രൂപയായി ഇതു വര്‍ധിച്ചു.
ഉദ്ഘാടന വേളയില്‍ സിവില്‍ സ്റ്റേഷനകത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ച ഘട്ടമായതിനാല്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാനുള്ള സ്ഥലം ഇവിടെ നീക്കിവയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."