പരിശോധനകള്‍ പ്രഹസനം സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ബസുകള്‍ ചീറിപ്പായുന്നു
തൊടുപുഴ: സ്പീഡ് ഗവര്‍ണറുകള്‍പ്രവര്‍ത്തനരഹിതമാക്കി കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പായുന്നു.
പൊലിസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടയ്ക്കുന്നു. അന്വേഷണവും പരിശോധനയും ഇല്ലാതായതോടെ ഭൂരിഭാഗം ബസുകളിലെയും സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തരഹിതമാണ്.ഋഷിരാജ് സിംഗ് ഗതാഗത കമ്മിഷണറായിരുന്നപ്പോള്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ബസുടമകളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച യാതൊരു പരിശോധനയും ബന്ധപ്പെട്ട അധികൃതര്‍ നടത്തുന്നില്ല. സ്വകാര്യ ബസുകള്‍ അമിത വേഗതയില്‍ പായുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളും സമയക്രമംപോലും പാലിക്കാതെയാണ് മത്സരിച്ചോടുന്നത്. ചെറുവാഹനങ്ങളില്‍ തട്ടിയാല്‍ നിര്‍ത്താതെയും മനപൂര്‍വം മറ്റു വാഹനങ്ങളില്‍ ഉരസിയുമാണ് ഇവര്‍ റോഡ് നിറഞ്ഞോടുന്നത്.
ചീറിപ്പാഞ്ഞെത്തുന്ന ബസുകളില്‍ ഇടിക്കാതെവെട്ടിച്ചുമാറ്റുന്നതിനിടെ ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. സ്വകാര്യ ബസുകളുടെ സമയക്ലിപ്തത പരിശോധിക്കേണ്ട ഗതാഗത വകുപ്പധികൃതര്‍ ഇവരെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്ന്് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി മികച്ച കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയം കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ മാറ്റിയിട്ടുണ്ട്. അമിത വേഗതയില്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പായുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ട്രാഫിക്ക് പൊലിസും കണ്ണടയ്ക്കുകയാണ്.
നഗരത്തിലെ വാഹനപരിശോധന ഇരുചക്രവാഹനങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ചതോടെ ആരെയും പേടിക്കേണ്ടാത്ത സ്ഥിതിയാണ് സ്വകാര്യ ബസുകള്‍ക്ക്. കെ.എസ്.ആര്‍.ടി.സി ബസുകളോടും മറ്റ് സ്വകാര്യ ബസുകളോടും മത്സരിച്ചോടുമ്പോള്‍ ചെറുവാഹനങ്ങളെയും കാല്‍നടയാത്രികരെയും ഇവര്‍ അവഗണിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നഗരത്തിലെ ഒട്ടുമിക്ക കാമറകളും മിഴി അടച്ചതോടെ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. 60 കിലോമീറ്ററാണു പരാമവധി വേഗമായി ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണറില്‍ ക്രമീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളിലും വാര്‍ഷിക പരിശോധനയുടെ സമയത്താണ് ഇതു ഘടിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
ഇതിനു ശേഷം കണക്ഷനുകള്‍ വിച്ഛേദിച്ച് യന്ത്രം പ്രവര്‍ത്തന രഹിതമാക്കിയാണ് ബസുകള്‍ അമിത വേഗത്തില്‍ പായുന്നത്. സര്‍വീസിനിടെ പരിശോധനയുണ്ടായാല്‍ വേഗത്തില്‍ ഘടിപ്പിക്കാവുന്ന സംവിധാനങ്ങളിലാണ് മിക്ക സ്വകാര്യ ബസുകളിലും ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."