ഖത്തര്‍ സന്ദര്‍ശിക്കുന്നതിനു നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ നിലവില്‍വന്നു.
അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്കാണ് കോംപ്ലിമെന്ററി വിസ അനുവദിക്കുകയെന്ന് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്ത് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാന്‍സിറ്റ് വിസ അനുവദിക്കുമെന്ന് നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
ദോഹ വഴി യാത്ര ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും വിസ ലഭിക്കും. നാലു ദിവസം (96 മണിക്കൂര്‍) രാജ്യത്തു തങ്ങുന്നതിനുള്ള അനുമതിയാണ് വിസക്കുണ്ടാകുക.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാന പ്രകാരാണ് വിസ അനുവദിക്കുക. ഗള്‍ഫില്‍ ഇതാദ്യമായാണ് ടൂറിസം പ്രോല്‍സാഹനത്തിനായി ഒരു രാജ്യത്ത് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്.
യാത്രക്കാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസയ്ക്കു വേണ്ടി ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസുകള്‍ മുഖേനയോ ഓണ്‍ലൈനിലൂടെയോ അപേക്ഷിക്കാം.
ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നതിനുള്ള സാധുതയുള്ള ടിക്കറ്റുണ്ടായിരിക്കണമെന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ദോഹയില്‍നിന്നു തുടര്‍ന്നുള്ള യാത്രക്കുള്ള വിമാനത്തിന് അഞ്ചു മണിക്കൂറിലധികം ഇടവേളയുമുണ്ടാകണം.
ട്രാന്‍സിറ്റ് വിസ സംബന്ധിച്ചുള്ള വിശദമായ നിബന്ധനകള്‍ ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ (qatarairways.com/transitvisa) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ട്രാന്‍സിറ്റ് വിസ അനുവദിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങളുടെ നിരക്കു ഘടന പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് അധിക നിരക്കുകളൊന്നുമില്ലാതെ തികച്ചും സൗജന്യമായ സ്റ്റോപ്പ് ഓവര്‍ സൗകര്യമാണ് ദോഹയില്‍ അനുവദിക്കുന്നത്.
ജിസിസി, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ റിട്ടേണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ മാത്രമേ സൗജന്യ വിസ അനുവദിക്കൂ.
വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണം.
പ്രവര്‍ത്തനക്ഷമമായ ഇമെയില്‍ വിലാസവും നിര്‍ബന്ധമാണ്. ദോഹയില്‍ വരുന്ന ദിവസത്തിന്റെ ഏഴു ദിവസം മുമ്പെങ്കിലും വിസക്ക് അപേക്ഷിച്ചിരിക്കണം. ഏഴു ദിവസം മുമ്പു മുതല്‍ 90 ദിവസത്തിനുള്ളില്‍ എപ്പോഴും അപേക്ഷിക്കാം. വിസ അംഗീകരിച്ചു കഴിഞ്ഞാല്‍ 90 ദിവസം കാലാവധിയുണ്ടാകും. ഈ ദിവസത്തിനുള്ളില്‍ രാജ്യത്തു പ്രവേശിച്ചാല്‍ മതിയാകും. രാജ്യത്ത് ഒറ്റത്തവണ പ്രവേശിക്കാനുള്ള അനുമതി മാത്രമുള്ള വിസയുടെ കോപ്പി യാത്ര ആരംഭിക്കുന്ന എയര്‍പോര്‍ട്ടിലെ ബോര്‍ഡിങ കൗണ്ടറില്‍ കാണിക്കണം. ഖത്തറില്‍ വന്നിറങ്ങിയാല്‍ ഇമിഗ്രേഷന്‍ കൗണ്ടറിലും വിസ കോപ്പി കാണിക്കണം.
ദോഹയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ വിസ സംവിധാനമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.
പുതിയ വിസ ഉപയോഗപ്പെടുത്തി അടുത്ത മാസങ്ങളില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകരില്‍ വന്‍തോതിലുള്ള വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ഇബ്രാഹിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."