കോടികള്‍ മുടക്കി ആധുനീകരിച്ച സ്‌റ്റേഡിയം ആര്‍ക്കുവേണ്ടി..?
തൃക്കരിപ്പൂര്‍: കോടികള്‍ മുടക്കി പണിത തൃക്കരിപ്പൂര്‍ വലിയകൊവ്വലിലെ സിന്തറ്റിക് സ്‌റ്റേഡിയം കാടുകയറി നാശത്തിലേക്ക്.ഇപ്പോള്‍ സ്‌റ്റേഡിയത്തിനകത്ത് കൃത്രിമ പുല്‍ത്തകിടിക്കിടയില്‍ മധ്യഭാഗത്തും അരികിലെ ഇന്റര്‍ലോക്കിലും കാടു കയറി നശിച്ചു തുടങ്ങി.
സ്‌റ്റേഡിയം ഒരുക്കിയെന്നല്ലാതെ വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും സംവിധാനവും ഒരുക്കിയിട്ടില്ല. സ്‌റ്റേഡിയം നല്ലനിലയില്‍ നിലനിര്‍ത്തണമെങ്കില്‍ ഇതിന് പരിപാലനം ആവശ്യമാണ്. സ്‌റ്റേഡിയം നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പരിപാലനം തുടങ്ങിയില്ല. പരിപാലിക്കണമെങ്കില്‍ വെള്ളം ആവശ്യമാന്. എന്നാല്‍ വൈദ്യുതിപോലും ലഭ്യമാക്കിയിട്ടില്ല.
കാല്‍പന്തുകളിയില്‍ പേരുകേട്ട തൃക്കരിപ്പൂരില്‍ സ്‌റ്റേഡിയം ആര്‍ക്കുവേണ്ടിയാണ് പണിതതെന്നാണ് കായികപ്രേമികളുടെ ചോദ്യം. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടകനെ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാരെത്തി ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
പിന്നീട് തെരഞ്ഞെടുപ്പ് വേളയില്‍ ജൂണില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിര്‍മാണ കമ്പനി പ്രതിനിധികള്‍ കൈമാറുകയും ഉദ്ഘാടനം ഗംഭീരമാക്കാന്‍ യോഗവും നടത്തിയിരുന്നു.
2014 നവംബറില്‍ ആരംഭിച്ച പ്രവൃത്തി മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ വൈകി. 2016 ഫെബ്രുവരിയിലാണ് പൂര്‍ത്തിയായത്. നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ 15 ഏക്കര്‍ ഭൂമിയിലാണ് സ്‌റ്റേഡിയം പണിതത്.
ദേശീയ ഗെയിംസ് അക്കാദമിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി. 110 മീറ്റര്‍ നീളത്തിലും 78 മീറ്റര്‍ വീതിയിലുമാണ് ഫുട്ബാള്‍ മൈതാനം. മൂന്നു കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച സ്‌റ്റേഡിയം കളികള്‍ക്കായി തുറന്നുകൊടുക്കാത്തത് വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
സാമൂഹ്യവിരുദ്ധരും മദ്യപരും രാത്രികാലങ്ങളില്‍ സ്‌റ്റേഡിയത്തില്‍ കടന്നു നാശനഷ്ടങ്ങള്‍ വരുത്തിയതോടെ ഗേറ്റ് പൂട്ടിയിട്ടുവെങ്കിലും കമ്പിവല പൊളിച്ച് പലപ്പോഴും അതിക്രമങ്ങള്‍ തുടര്‍ന്നു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാരുടെയും കായിക സംഘടനകളുടെ ഭാരവാഹികളുടേയും യോഗം ചേര്‍ന്ന് സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളില്‍ രാത്രിയില്‍ സ്‌റ്റേഡിയത്തിന് ചുറ്റും മികച്ച വെളിച്ച സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."