ആനയെഴുന്നള്ളിപ്പ് ആശങ്കകള്‍ തീരുന്നു; വെടിക്കെട്ട് തീരുമാനമായില്ല
തൃശൂര്‍: ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് ആശങ്കകള്‍ തീരുന്നു. എന്നാല്‍ വെടിക്കെട്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി എ.സി. മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആനയെഴുന്നള്ളിപ്പിനു വിരോധമില്ലെന്ന ധാരണയായത്. ആനകളെ എഴുന്നള്ളിക്കുന്നതിനു വിരോധമില്ലെന്നും നാട്ടാന പരിപാലനിയമത്തിലെ ചട്ടങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് ആശങ്കകള്‍ക്ക് ഇടയാക്കിയതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. വനം, വന്യജീവി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിഹരിക്കാന്‍ നടപടിയായതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 2012ലെ നാട്ടാനപരിപാലനിയമത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും സുപ്രീം കോടതി ഉത്തരവനുസരിച്ചും എഴുന്നള്ളിപ്പ് നടത്താനാവും. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം നടത്തിയതുപോലെ തൃശൂര്‍ പൂരമടക്കമുള്ള പരമ്പരാഗത ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിനു തടസമില്ല. തൃശൂര്‍ പൂരത്തിനു എഴുന്നള്ളിപ്പ് നടത്താന്‍ എല്ലാതരത്തിലുള്ള സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. അതേസമയം വെടിക്കെട്ട് വിഷയം കേന്ദ്രവുമായി ബന്ധപ്പെട്ട് പരിഹരിക്കാമെന്നാണ് ധാരണയായത്. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എക്‌സ്‌പ്ലോസീവ് വിഭാഗമായതിനാലാണിത്. ഇതിനായി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കാനും കേന്ദ്രത്തെ സമീപിക്കുന്നതടക്കമുള്ള കാര്യത്തിലും പൂരം, ഉത്സവക്കമ്മിറ്റികളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കും.
യോഗത്തില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, പുറമെ വനംമന്ത്രി കെ. രാജു, ടൂറിസം സെക്രട്ടരി ഡോ. വി. വേണു, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍, എ.ഡി.എം. അനന്തകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ഹിമേന്ദ്രനാഥ്, തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഷീജ, കമ്മിഷണര്‍ പ്രസാദ്, പൂരം സെന്റ്ട്രല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ പി. മധു, വി.എസ്. ജയപാലന്‍, വത്സന്‍ ചമ്പക്കര, ഹരിദാസ്, ആന ഉടമസ്ഥ സംഘം പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, സെക്രട്ടറി പി. ശശികുമാര്‍, തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ പ്രഫ. ചന്ദ്രശേഖരന്‍, പ്രഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്, അസി. സെക്രട്ടറി മഹേഷ്, ആറാട്ടുപുഴ ക്ഷേത്രം ഭാരവാഹികളായ കുമാരന്‍, ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."