പക്ഷിപ്പനി: ആരോഗ്യകേന്ദ്രങ്ങളില്‍ നീരിക്ഷണം ശക്തമാക്കി
പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം, നശീകരണ സംഘത്തിലെ 135 പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി
ആലപ്പുഴ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ താറവുകളില്‍ എച്ച്5 എന്‍8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി.
മനുഷ്യരിലേക്ക് പകരില്ലെങ്കിലും താറാവുകളെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന ആളുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തകഴി, നീലംപേരൂര്‍, ചെറുതല, പള്ളിപ്പാട്, അമ്പലപ്പുഴ നോര്‍ത്ത്, എടത്വ, ചെന്നിത്തല എന്നീ സ്ഥലങ്ങളിലാണ് എച്ച്5 എന്‍8 ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. താറാവു നശീകരണ സംഘത്തിലുള്‍പ്പെട്ട 135 പേര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി സര്‍വേ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ജില്ലാതല ദ്രുതകര്‍മ്മ സേനയുടെ യോഗം നടത്തി.
എച്ച്5എന്‍8 പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നില്ലെങ്കിലും ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍
താറാവു നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കേണ്ടതും ഉപയോഗശേഷം അവ നശിപ്പിക്കേണ്ടതുമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. പനി, തൊണ്ട വേദന, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടുക. ഗര്‍ഭണികള്‍, കുട്ടികള്‍, പ്രായമായവര്‍ ഏതെങ്കിലും രോഗങ്ങള്‍ക്ക് തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."