ഗീതാഗോപിനാഥിന്റെ ഉപദേശം തേടും: മന്ത്രി ഐസക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ വിജ്ഞാനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
ഏതു ഉപദേശവും സഹായവും നല്‍കിയാലും സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മിനിമം പരിപാടിയനുസരിച്ചാണ് സര്‍ക്കാര്‍ മുന്‍പോട്ടു പോകുന്നത്. എന്നാല്‍ ചില മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം വേണം. വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുമ്പോഴും നാടിന്റെ വികസനത്തിന് ഈ സഹായം ഉപയോഗിക്കാവുന്നതാണ്. ആശയപരമായി സര്‍ക്കാരിന് വ്യക്തമായൊരു നയമുണ്ട്. നവ ഉദാരീകരണത്തെ ശക്തമായി അന്നുമിന്നും എല്‍.ഡി.എഫ് എതിര്‍ക്കുന്നു.
ഇതിനെതിരായ ബദല്‍ അന്വേഷണവും തുടരുകയാണ്. അതേസമയം, കേരളത്തില്‍ നിന്നു വളര്‍ന്നുവന്ന വിദഗ്ധരെ പ്രയോജനപ്പെടുത്തുകയും വേണം. ഗീതാഗോപിനാഥ് ഏതെങ്കിലും സ്വകാര്യകുത്തക കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായതായി അറിയില്ല. ഐ.എം.എഫ് ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദഗ്ധരെ പുറത്തുനിന്ന് വിളിച്ചാല്‍ അവര്‍ക്കെല്ലാം ഇത്തരം ബന്ധങ്ങളുണ്ടാകും. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല.
ഫെഡറല്‍ സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എ.ഡി.ബി, ലോകബാങ്ക് വായ്പയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടിയിട്ടില്ല. സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിവിധ സാമ്പത്തിക ശാഖകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആഗോളീകരണ നയങ്ങളോട് യു.ഡി.എഫിന് പരിപൂര്‍ണ യോജിപ്പാണ് എന്നാല്‍ എല്‍.ഡി.എഫ് അതിനെ എതിര്‍ക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടി വരുമെന്നും പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, അബ്ദുള്‍ ഹുസൈന്‍ തങ്ങള്‍, എ.എം ആരിഫ്, രമേശ് ചെന്നിത്തല, പി.സി ജോര്‍ജ്. കെ.എസ് ശബരീനാഥ്, കെ.കൃഷ്ണന്‍കുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."