ഹര്‍ദിക് പാണ്ഡ്യ ടീമില്‍; ഗംഭീര്‍ സ്ഥാനം നിലനിര്‍ത്തി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതാണ് അപ്രതീക്ഷിതമായ ഏക നീക്കം. പരുക്കേറ്റ് വിശ്രമിക്കുന്ന ഓപണിങ് ബാറ്റ്സ്മാന്മാരായ കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന് എന്നിവരേയും പരുക്കേറ്റ രോഹിത് ശര്‍മയേയും ടീമിലേക്ക് പരിഗണിച്ചില്ല. തുടയ്ക്കേറ്റ പരുക്കിനെ തുടര്‍ന്നു രോഹിതിനു ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ വിശ്രമം വേണ്ടിവരും. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെ ടീമില്‍ മടങ്ങിയെത്തിയ ഓപണര്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്തി. പരുക്ക് മൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും ടീമില്‍ മടങ്ങിയെത്തി. ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിനു ആഭ്യന്തര മത്സരം കളിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നു സ്ഥാനം ലഭിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കിടെ പരുക്കേറ്റ ഇഷാന്ത് ശര്‍മയ്ക്കും ശിഖര്‍ ധവാനും പകരം ടീമിലെത്തിയ ജയന്ത് യാദവ്, കരുണ്‍ നായര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
ഏകദിനങ്ങളിലും ടി20യിലും മികവു പ്രകടിപ്പിച്ചതാണ് ഹര്‍ദിക്കിനു തുണയായത്. ഈ വര്‍ഷമാണ് ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും ഹര്‍ദിക് അരങ്ങേറിയത്. ഹര്‍ദിക് മികച്ച ഓള് റൗണ്ടറാണെന്നും സമീപ കാലത്ത് മികവാര്‍ന്ന പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നതെന്നും സ്റ്റുവര്‍ട്ട് ബിന്നിയേക്കാള് തിളങ്ങാന്‍ സാധ്യത ഹര്ദിക്കാണെന്നും സലക്ഷന്‍ കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.
ടീം: വിരാട് കോഹ്ലി (നായകന്), മുരളി വിജയ്, ഗൗതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, കരുണ്‍ നായര്‍, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."