ലീഗിന് സി.പി.എമ്മിനോട് മൃദുസമീപനമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനോട് മുസ്‌ലിം ലീഗിന് മൃദുസമീപനമെന്ന് കോണ്‍ഗ്രസ്. വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയിലുള്‍പ്പെടെ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുമ്പോള്‍ ലീഗ് എം.എല്‍.എമാര്‍ മൗനം പാലിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പരാതിപ്പെടുന്നത്. സ്വാശ്രയ സീറ്റ് വിവാദം സഭയ്ക്ക് അകത്തും പുറത്തും ആളിക്കത്തിയപ്പോഴും അയഞ്ഞ നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. ലീഗിന്റെ യുവ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലും പുറത്തും സജീവമായപ്പോഴും മുതിര്‍ന്ന നേതാക്കളാരും കാര്യമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ല.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന്റെ രാജിക്കായി രാഷ്ട്രീയ നേതാക്കള്‍ മുഴുവന്‍ മുറവിളി കൂട്ടിയപ്പോഴും ശ്രദ്ധയോടെയാണ് ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. രാജിയെന്ന ആവശ്യം ഒരിക്കല്‍പോലും അദ്ദേഹം ഉയര്‍ത്തിയിരുന്നുമില്ല. മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കാനായിരുന്നു പ്രതിപക്ഷനീക്കം. എന്നാല്‍ മുഖ്യമന്ത്രിക്കെതിരേ നിയമസഭയ്ക്കകത്തും പുറത്തും ഒന്നുംപറയാതെ കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കുകയും ചെയ്തു. ഭഷ്യസുരക്ഷാ ബില്ലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴും സര്‍ക്കാരിനെതിരേ ലീഗിന്റെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.
നിയമസഭയില്‍ ലീഗ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ഒന്നും കൊണ്ടുവരുന്നില്ലെന്നും കോണ്‍ഗ്രസ് കൊണ്ടുവരുന്ന വിഷയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നുമുള്ള പരാതിയും കോണ്‍ഗ്രസിന്റെ രണ്ടാംനിര നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ലീഗിന്റെ ഈ മൃദുസമീപനം കാരണം സഭയില്‍ യു.ഡി.എഫ് എന്ന വികാരം തന്നെയുണ്ടാവുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളുടെ അഭിപ്രായം. കെ.എം മാണി യു.ഡി.എഫ് വിടുകയും ലീഗ് നിശ്ശബ്ദമാവുകയും ചെയ്തതോടെ സഭയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ശക്തമായ സമരങ്ങള്‍ക്കൊന്നുംതന്നെ ലീഗ് നേതൃത്വം അണികള്‍ക്ക് അനുമതി നല്‍കുന്നില്ല. പുസ്തകവിതരണം വൈകിയതില്‍ എം.എസ്.എഫ് നടത്തിയ പ്രതിഷേധം മാറ്റിനിര്‍ത്തിയാല്‍ കാര്യമായ സമരങ്ങളൊന്നും യൂത്ത് ലീഗും എം.എസ്.എഫും നടത്തിയിട്ടില്ല.
പുസ്തകവിതരണം വൈകിയതുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നടത്തിയ സമരങ്ങള്‍ക്ക് കോണ്‍ഗ്രസിലെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പിന്തുണ നല്‍കിയില്ലെന്ന പരാതിയും ലീഗിനുണ്ട്. സര്‍ക്കാരിനെതിരേയുള്ള സമരങ്ങള്‍ക്കെല്ലാം സംസ്ഥാനകമ്മിറ്റിയുടെ അനുമതി വേണമെന്ന നിലപാടാണ് ലീഗിനുള്ളത്.
നാദാപുരത്തെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അസ്‌ലം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലീഗ് അണികളില്‍ നിന്നു ശക്തമായ സമ്മര്‍ദമുണ്ടായിട്ടും വളരെ മയപ്പെട്ടാണ് ലീഗ് നേതൃത്വം പ്രതികരിച്ചത്. നാദാപുരത്ത് നടന്ന പ്രാദേശിക സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി തീവ്രത ഉള്‍ക്കൊണ്ട് പ്രഭാഷണം നടത്തിയെങ്കിലും വിഷയം സംസ്ഥാനതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ലീഗ് ശ്രമിച്ചിരുന്നില്ല.
പീസ് സ്‌കൂളിലെ പാഠ്യപദ്ധതിയില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠങ്ങളുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ കേസെടുത്തപ്പോഴും മുജാഹിദ് പ്രഭാഷകനെതിരേ യു.എ.പി.എ ചുമത്തി കേസെടുത്തപ്പോഴും സര്‍ക്കാരിനെതിരേ ലീഗിന് ഉന്നയിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.
സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും സഭയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും മുസ്‌ലിം ലീഗ് ശ്രമിച്ചിരുന്നെങ്കിലും ന്യൂനപക്ഷവികാരം ഉയരാതിരിക്കാനും നേതൃത്വം ശ്രദ്ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."