കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യും
മാനന്തവാടി: വരുമാനം കുറഞ്ഞ സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലോടുന്ന സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് സമയം പുനക്രമീകരിക്കുന്നത്. 10,000 രൂപക്ക് താഴെ വരുമാനമുള്ള സര്‍വിസുകളാണ് റീ ഷെഡ്യൂള്‍ ചെയ്യുക. എന്നാല്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ല.
ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോ, മാനന്തവാടി, കല്‍പ്പറ്റ സബ് ഡിപ്പോകളിലായി 116ഓളം സര്‍വിസുകളാണ് 10,000 രൂപക്ക് താഴെ വരുമാനമുള്ളത്. ഇതില്‍ ഏറിയ പങ്കും ഗ്രാമീണ സര്‍വിസുകളാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ 46, കല്‍പ്പറ്റയില്‍ 30, മാനന്തവാടിയില്‍ 40 സര്‍വിസുകളാണ് നിലവലില്‍ നഷ്ടത്തിലോടുന്നത്. ഇതില്‍ ബത്തേരിയില്‍ 18ഓളം സര്‍വിസുകള്‍ 7000 രൂപക്കും താഴെ വരുമാനം മാത്രമുള്ളതാണ്. കല്‍പ്പറ്റയില്‍ 15 സര്‍വിസുകളാണ് ഇത്തരത്തിലുള്ളത്. മാന്തവാടി സബ് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന 84 സര്‍വിസുകളില്‍ പകുതിയോളം സര്‍വിസുകളും നഷ്ടത്തിലാണ് ഓടുന്നത്.
എന്നാല്‍ ഇതില്‍ ഏറിയ സര്‍വിസുകളും ഗ്രാമീണ മേഖലയിലേക്കുള്ളതാണെന്നതിനാല്‍ സമയ പുനക്രമീകരണം നടത്തിയാല്‍ പോലും എത്ര സര്‍വിസുകള്‍ ലാഭകരമാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് തന്നെ സംശയമുണ്ട്.
നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന ജീപ്പ് സര്‍വിസുകള്‍ നിര്‍ത്തലാക്കിയ ശേഷം ആരംഭിച്ച കല്ലോടി സര്‍വിസ്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുമായി നിരന്തരം മത്സരിച്ചോടുന്ന നടവയല്‍ വഴിയുള്ള ബത്തേരി സര്‍വിസ്, കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന കരിമ്പില്‍ വാളാട് റൂട്ട്, തരുവണ-കക്കടവ് റൂട്ട് തുടങ്ങിയവയെല്ലാം കോര്‍പറേഷന്റെ കണക്കില്‍ നഷ്ട സര്‍വിസുകളാണ്. മറ്റു ഡിപ്പോകളിലെയും ഗ്രാമീണ സര്‍വിസുകളാണ് നഷ്ടത്തിലോടുന്നത്. എന്നാല്‍ ഈ സര്‍വിസുകള്‍ നിര്‍ത്തല്‍ ചെയ്താല്‍ നാട്ടുകാരില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുമെന്നതും അധികൃതരെ കുഴക്കുകയാണ്.
ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളില്‍ സമയം പുനക്രമീകരിക്കാന്‍ നടപടികളായിട്ടില്ലെങ്കിലും മാനന്തവാടിയില്‍ ഈ മാസം പതിനഞ്ചു മുതല്‍ പുതിയ സമയ ക്രമത്തിലായിരിക്കും സര്‍വിസ് നടക്കുക.
ജനുവരി അഞ്ചിന് മുമ്പായി ഇതിലെത്രമാത്രം സര്‍വിസുകള്‍ ലാഭകരമാക്കാന്‍ കഴിയുമെന്നറിയാന്‍ വേണ്ടിയാണ് സമയപുനക്രമീകരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."