വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പരുക്കേറ്റ സ്കൂള്‍ ജീവനക്കാര്‍ ആശുപത്രിയില്‍
സ്കൂള്‍ ജീവനക്കാരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യെല്ല് പൊട്ടിയതിനാല്‍ അഷറഫിനെ പിന്നീട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
വടക്കേക്കാട്: സ്കൂള്‍ വാഹനത്തില്‍ വിദ്യാര്‍ഥിനിയെ കയറ്റാത്തില് പ്രതിഷേധിച്ച് സ്വകാര്യ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ സ്കൂള്‍ വാഹന ജീവനക്കാരെ ആക്രമിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്കൂള്‍ ബസ് ക്ലീനര്‍മാരായ തൊഴിയൂര്‍ സ്വദേശി പരേതനായ കുറ്റ്യാടി വീട്ടില്‍ മുഹമ്മദിന്റെ മകന് ഹംസക്കുട്ടി (34), വടക്കേക്കാട് കല്ലൂര്‍ തറയില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് ജസീര്‍ (26), ജീപ്പ് ഡ്രൈവര്‍ വട്ടംപാടം മമ്മനത്തയില് ഖമറുദ്ദീന്റെ മകന് അഷറഫ് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്യെല്ല് പൊട്ടിയതിനാല്‍ അഷറഫിനെ പിന്നീട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഒമ്പതോടെ സ്കൂള്‍ മുറ്റത്താണ് സംഭവം. ഇതേക്കുറിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഷറഫ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച്ച വൈകുന്നേരം സ്കൂള്‍ വിട്ടുപോകുന്ന ബസില്‍ കയറാനെത്തിയ നായരങ്ങാടി സ്വദേശിയായ വിദ്യാര്‍ഥിനിയെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടി സ്കൂള്‍ വാഹനത്തില്‍ സ്ഥിര യാത്രക്കാരിയല്ല. രാവിലെ ലൈന്‍ ബസിലാണ് വന്നത്. തിങ്കളാഴ്ച്ച വൈകുന്നേരവും സ്കൂള്‍ ബസിലാണ് പോയത്.
പെണ്‍കുട്ടി പോകുമ്പോഴാണ് ക്ലീനര്‍ ഹംസക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. ബസില്‍ സ്ഥിരമായി പോകുന്ന വിദ്യാര്‍ഥികളില്‍ പലരും പലദിവസവും സ്വന്തം വീട്ടില്‍ പോകുന്നതിനു പകരം മാതാവിന്റെയോ പിതാവിന്റെയോ ബന്ധുവിന്റേയോ വീട്ടിലേക്ക് പോകാറുണ്ട്. വീട്ടുകാര്‍ മാറി താമസിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെയുള്ള തീരുമാന പ്രകാരം കുട്ടികള്‍ പോകുന്നത്. സ്ഥിരം റൂട്ടിനേക്കാള്‍ അധികമാണ് ഈ യാത്രയെങ്കില്‍ നിശ്ചിത ഫീസ് അധികമായി ഈടാക്കാറുണ്ട്. ഇതിനായി ടെംപ്രറി കാര്‍ഡുമുണ്ട്. ഈ കാര്‍ഡുള്ള വിദ്യാര്‍ഥികളില്‍ പലരും അധിക ഫീസ് നല്കാത്തതിനാല് അത്തരം കുട്ടികളെ ബസില്‍ കയറ്റേണ്ടായെന്ന് മാനേജിങ് കമ്മിറ്റിയുടെ നിര്‍ദേശമുള്ളതായി ഹംസക്കുട്ടി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച ബസില്‍ കയറാനെത്തിയ വിദ്യാര്‍ഥിനിയെ കയറ്റാതിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ ബന്ധു ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാനെത്തി തര്‍ക്കമുണ്ടാവുകയും ഹംസക്കുട്ടിയെ ആക്രമിക്കുകയും ചെയ്തിരുന്നുവത്ര. പിന്നീടാണ് സംഭവമറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലര്‍ സംഘടിച്ച് ഇക്കാര്യം ചോദിച്ച് ഹംസക്കുട്ടിയെ ആക്രമിച്ചത്. ഇത് കണ്ട് തടയാനത്തെിയതായിരുന്നു അഷറഫും ജസീറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."