അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം വഴിപാടായേക്കും
മയ്യില്‍: അധ്യാപക സംഘടനകളുടെ ബഹിഷ്കകരണവും കെ-ടെറ്റ് പരീക്ഷയും കാരണം ശനിയാഴ്ച നടക്കുന്ന അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം വഴിപാടായി മാറും. ഈ വര്‍ഷത്തെ രണ്ടാമത്തെ അധ്യാപക പരിശീലനമാണ് ശനിയാഴ്ച നടക്കുകയാണ്. ഭൂരിപക്ഷം അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. കേരള പരീക്ഷാഭവന് നടത്തുന്ന കെ-ടെറ്റ് (അധ്യാപക യോഗ്യതാ പരീക്ഷ) ശനിയാഴ്ച ജില്ലയിലെ വിവിധ സെന്ററുകളില്‍ നടക്കുകയാണ്.
2013-14 അധ്യയന വര്‍ഷം മുതല്‍ സര്‍വിസില്‍ പ്രവേശിച്ച മുഴുവന്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. യോഗ്യത നേടുന്നതിനു 2018 വരെ ഇളവ് നല്‍കിയിട്ടുണ്ട്. 25 ശതമാനത്തോളം അധ്യാപകരും കെ-ടെറ്റ് പരീക്ഷ എഴുതേണ്ടവരാണ്. ഇവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.
കൂടാതെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയും അന്നേ ദിവസം നടക്കുന്നുണ്ട്. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് നിരവധി അധ്യാപകര്‍ പരീക്ഷാര്ഥികളായും ഇന്‍വിജിലേറ്റര്‍മാരായും പങ്കെടുക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എ.ടി.എഫ് സംഘടനകള്‍ ക്ലസ്റ്റര്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആഴ്ചയിലെ ആറാമത്തെ പ്രവൃത്തി ദിവസം പരിശീലനം ഉണ്ടാകില്ലെന്ന് അധ്യാപക സംഘടനകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നല്‍കിയതാണ്. ഇതിന്റെ ലംഘനമാണ് ശനിയാഴ്ചത്തെ ക്ലസ്റ്ററെന്ന് കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് വി.സി നാരായണന് പറഞ്ഞു.
സര്‍ക്കാറിന്റെ അധ്യാപക ദ്രോഹ നടപടിയിലും ഭാഷാ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.
ക്ലസ്റ്റര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."