നിരീക്ഷണ കാമറകളില്ല; സുരക്ഷിതമല്ലാതെ കോടതികളും പ്രധാന സര്‍ക്കാര്‍ ഓഫിസുകളും
മഞ്ചേരി: ജില്ലാ കോടതി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിക്കതിലും അത്യാധുനിക നിരീക്ഷണ കാമറകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ നിലവിലില്ലാത്തത് ആശങ്ക പരത്തുന്നു. നിലവില്‍ ജില്ലാ കോടതി ഉള്‍പ്പെടെ 11 കോടതികള്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുമായി ബന്ധപ്പെട്ടു വിവിധ ഓഫിസുകളും ട്രിബൂണലുകളും വിവിധ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്നുണ്ട്.
എവിടെയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ നാളിതുവരെയായി സ്ഥാപിച്ചിട്ടില്ല. ജില്ലയിലെ മറ്റു കോടതികള്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ദിവസം മലപ്പുറത്തുണ്ടായ സ്‌ഫോടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലും ഓഫിസുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
കോടതികളുടെ പ്രവേശന കവാടത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാമായിരുന്നിട്ടും കോടതിപരിസരങ്ങളുടെ സുരക്ഷ അധികൃതര്‍ വേണ്ടവിധം കണക്കിലെടുത്തിട്ടില്ല. മഞ്ചേരിയില്‍ കോടതി പരിസരത്തു അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ നിരവധിയാണ്. ജില്ലാ കോടതിയോടു ചേര്‍ന്നുള്ള റോഡരികില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കസമയത്തും വാഹനങ്ങള്‍ അത്തരം ബോര്‍ഡുകള്‍ക്കു മുന്നില്‍ നിര്‍ത്തിയിടുന്നതാണു പതിവ്. കോടതിയുടെ ചുറ്റുമതിലുകളും അത്ര സുരക്ഷിതമല്ല . വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മിച്ച ഈ മതിലുകള്‍ ഉയരം കുറവായതിനാല്‍ ആര്‍ക്കും വേണമെങ്കിലും ഏതുസമയത്തും അകത്തു കടക്കാന്‍ പ്രയാസമില്ല. രാത്രി സമയങ്ങളില്‍ കോടതി വളപ്പില്‍ വേണ്ടവിധം ലൈറ്റുകളും പ്രകാശിക്കുന്നില്ല .
മഞ്ചേരി ഗവ: മെഡിക്കല്‍ കോളജിലും നിരീക്ഷണ സംവിധാനങ്ങള്‍ വേണ്ടവിധമില്ല. ഇതുമൂലം നിരവധി മോഷണ കേസുകള്‍ കഴിഞ്ഞ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയും ചുറ്റുമതിലുകള്‍ ഉയരംകുറഞ്ഞ സ്ഥിതിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ ആശുപത്രി മിതിലില്‍ പതിച്ചിരുന്നു. നിരീക്ഷണ സംവിധാനങ്ങള്‍ ഫലപ്രദമാവാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ പലപ്പോഴും പൊലിസിനു സാധിക്കാതെ വരികയാണ്. ഇതിനു പുറമെ മഞ്ചേരി മേലാക്കത്തു പ്രവര്‍ത്തിക്കുന്ന റേഞ്ച് എക്‌സൈസ് ഓഫിസ്, മഞ്ചേരി പൊലിസ് സ്റ്റേഷന്‍, മിനിസിവില്‍ സ്റ്റേഷന്‍ എന്നിവയുടെ സ്ഥിതിയും ഇപ്രകാരംതന്നെയാണ്. മറ്റു ചില കോടതികള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ചുറ്റുമതിലുകള്‍ പോയിട്ട് സ്വന്തമായി കെട്ടിടങ്ങള്‍ പോലുമില്ല. വാടകകെട്ടിടത്തിലാണു പലതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എസ്.സി, എസ്.ടി കോടതി മഞ്ചേരി -കോഴിക്കോട് റോഡിലെ വൈദ്യുതി ഭവനിലും ഫോറസ്റ്റ് കോടതി ട്രഷറി കെട്ടിടത്തിനു പിറകിലുമാണു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."