പഞ്ചായത്ത് ഭൂമിയിലെ മരം മുറി; ഒന്നാംപ്രതി പഞ്ചായത്ത് അംഗം
മലയിന്‍കീഴ്: പഞ്ചായത്തിലെ മാവോട്ടുകോണം വാര്‍ഡിലെ തേവുപാറ ശുദ്ധജല സംഭരണി സ്ഥിതിചെയ്യുന്ന പഞ്ചായത്തുവക അന്‍പതു സെന്റ് ഭൂമിയിലുള്ള 52 മരങ്ങള്‍ മുറിച്ചു മാറ്റി കടത്തിയ കേസില്‍ തേവുപാറ സ്വദേശി ആല്‍ബിയെ പൊലിസ് അറസ്റ്റ് ചെയ്തു.
മലയിന്‍കീഴ് പഞ്ചായത്തിലെ മാവോട്ടുകോണം വാര്‍ഡ് അംഗം നടുക്കാട് അനിലിനെ ഒന്നാം പ്രതിയാക്കി മലയിന്‍ കീഴ് പൊലിസ് കേസെടുത്തു.
മാവോട്ടു കോണം വാര്‍ഡ് അംഗം നടുക്കാട് അനില്‍, സഹായി തങ്കച്ചന്‍ എന്നിവര്‍ ഒളിവിലാണ്. കാടുമൂടിക്കിടന്ന കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള തേവുപാറയിലെ ജലസംഭരണി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയിലെ കാടുവെട്ടിത്തെളിക്കുവാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ജലസംഭരണിക്ക് ചുറ്റുമുണ്ടായിരുന്ന അല്‍ക്വേഷ്യ, ആഞ്ഞില്‍, ചീലാന്തി തുടങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കി. മുറിച്ചിട്ട മരങ്ങള്‍ കഴിഞ്ഞദിവസം അന്തിയൂര്‍കോണത്തെ സ്വകാര്യ തടിമില്ലിന് വിറ്റു. പഞ്ചായത്ത് അനുമതിയുണ്ടെന്ന് മില്ലുടമയെ വിശ്വസിപ്പിച്ചായിരുന്നു വില്‍പന. തടിമില്ലില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മരങ്ങള്‍ എവിടെനിന്നെന്ന അന്വേഷണമാണ് നാട്ടുകാരെ തേവുപാറയിലെ സര്‍ക്കാര്‍ ഭൂമിയിലെത്തിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് മലയിന്‍കീഴ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."