കൊടുങ്ങല്ലൂര്‍ അത്താണി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തില്‍ വന്‍ അപാകത
റോഡിന്റെ നിര്‍മ്മാണത്തിലുള്ള അപാകതയെക്കുറിച്ച് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് വിജിലന്‍സ് സംഘമെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു
മാള: കൊടുങ്ങല്ലൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണത്തില്‍ വന്‍ അപാകതയെന്ന് ആക്ഷേപം. റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെടുന്നത് കൂടാതെയാണ് കഴിഞ്ഞ ദിവസം റോഡ് പൊട്ടിപ്പൊളിഞ്ഞ് താഴേക്കിരുന്നത്.
കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് റോഡിലെ ടാറിങ് പൊട്ടിയടര്‍ന്ന് താഴേക്കിരുന്ന് വലിയ കുഴി രൂപപ്പെട്ടത്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്തതിന് പുറമേ നേരത്തെ ചെയ്തിരുന്ന ടാറിംഗിന്റേതുമായി പത്ത് മുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ ഘനമുള്ള പാളിയാണ് ഉണ്ടാകേണ്ടതെങ്കിലും ടാറിങ് അത്രയും ഘനത്തിലല്ലാത്തതിനാലാണ് റോഡ് പൊട്ടിയടര്‍ന്ന് പോകാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.നിസ്സാര ഘനത്തിലുള്ള പാളികളാണ് പൊട്ടിയടര്‍ന്ന് കിടക്കുന്നത്.
അഞ്ച് സെന്റിമീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ മെക്കാടവും മൂന്ന് സെന്റിമീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ കോണ്‍ഗ്രീറ്റിംഗുമാണ് ചെയ്യേണ്ടതെങ്കിലും അത്രയും ഘനത്തില്‍ ടാറിംഗ് നടത്തിയിട്ടില്ലെന്നാണിത് തെളിയിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് പണിതതാണ് റോഡിന്റെ ഈശോച്യാവസ്ഥക്ക് കാരണമെന്നും ആക്ഷേപമുണ്ട്. ഏപ്രില്‍ ആദ്യത്തിലാണ് തിരക്ക് പിടിച്ച് റോഡ് പണി നടത്തിയത്.
കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെ വളരെ തിരക്ക് പിടിച്ച് ടാറിംഗ് നടത്തിയ ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പേ റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു.
റോഡ് വോട്ടാക്കി മാറ്റാനായാണ് പണി തീരുംമുന്‍പേ റോഡിന്റെ ഉദ്ഘാടനം നടത്തിയതെങ്കിലും വോട്ടിംഗില്‍ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. തിരക്ക് പിടിച്ച് പണിതതിനാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും കൂടി വന്‍ തിരിച്ചടി കിട്ടി.
പണിയിലെ അപാകത നിമിത്തം റോഡിന്റെ പല ഭാഗങ്ങളിലും കുഴികളും പൊട്ടലുകളുമുണ്ടായിട്ടുണ്ട്. അഞ്ചു വര്‍ഷം ഗ്യാരന്റിയുള്ള റോഡില്‍ പണിത് മാസങ്ങള്‍ക്കകമാണ് പൊട്ടലും കുഴികളും രൂപപ്പെട്ടിരിക്കുന്നത്.
കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്തായി ജലനിധിയുടെ വാല്‍വ് പിടിപ്പിച്ചതിന് മുകളില്‍ രണ്ടിടത്താണ് കുഴികള്‍ വലുതായി വരുന്നത്. വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടിയാണ് കടന്നു പോകുന്നത്.
വാഹനത്തിനും വാഹനത്തില്‍ ഇരിക്കുന്നവര്‍ക്കും ദോഷമാവുന്ന തരത്തിലാണ് കുഴികള്‍. എരവത്തൂരില്‍ എത്തും മുന്‍പ് വളഞ്ഞമ്പലത്തിനടുത്തും മറ്റിടങ്ങളിലുമുണ്ടായ ഇത്തരം കുഴികള്‍ സാധാരണ ടാറിംഗ് നടത്തി അടച്ചിട്ടുണ്ട്.
പലയിടത്തും ചെറിയ കുഴികള്‍ വേറെയുമുണ്ട്. റോഡിന്റെ നിര്‍മ്മാണത്തിലുള്ള അപാകതയെക്കുറിച്ച് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് വിജിലന്‍സ് സംഘമെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് പറവൂര്‍ ഡിവിഷനില്‍ വരുന്ന കൊച്ചുകടവ് മുതല്‍ ചെങ്ങമനാട് വരെ വലിയ കുഴപ്പമില്ലാത്ത തരത്തില്‍ റോഡ് പണിതിട്ടുണ്ട്. കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെയുള്ള റോഡ് പണിയാണ് മോശമായത്. ഒരേ കരാറുകാര്‍ തന്നെയാണ് രണ്ട് ഡിവിഷനുകളിലേയും റോഡ് പണി ഏറ്റെടുത്തത്.
കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെ ആറ് കിലോമീറ്റര്‍ റോഡാണ് പണിതിരിക്കുന്നത്. പാറപ്പുറത്ത് റോഡ് ഇടിഞ്ഞയിടത്ത് അപകടങ്ങള്‍ ഒഴിവാക്കാനായി ടാര്‍വീപ്പകള്‍ വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളവും മണ്ണും പുറത്തേക്ക് തള്ളിയിരുന്നു. നാലടിയോളം വ്യാപ്തിയും അത്രത്തോളം തന്നെ ആഴവും കുഴിക്കുണ്ട്. നാലടിയോളം അകലത്തില്‍ വരെ റോഡില്‍ പൊട്ടലുമുണ്ട്.
കുഴിയുടെ വ്യാപ്തി കൂടാനുള്ള സാദ്ധ്യതയാണുള്ളത്. ഉടനെ നന്നാക്കിയില്ലെങ്കില്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വരെ വന്‍ഭീഷണിയാണ് കുഴി സൃഷ്ടിക്കുന്നത്. ടാര്‍വീപ്പകള്‍ വച്ചതിനാല്‍ അപകടം ഒഴിവാകുമെങ്കിലും റോഡിന്റെ നല്ലൊരു ഭാഗം ഉപയോഗശൂന്യമാകുന്നത് ഗതാഗത തടസം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."