ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തല്‍: കെജരിവാളിനോട് പൊലിസ് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തില്‍ പൊലിസ് വിശദീകരണം തേടി. ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പൊലിസ് കെജ്രിവാളിന് കത്തയച്ചു.
എന്നാല്‍, വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തോടു (ഐ.ബി) ചോദിച്ചാല്‍ മതിയെന്ന് കെജ്രിവാള് കത്തിനു മറുപടി നല്കി. ഡല്‍ഹി പോലിസ് കമ്മിഷണര്‍ അലോക് കുമാര്‍ വര്‍മയാണ് ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
നിയമപരമായ അനുമതി കൂടാതെയും കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന കാര്യം താങ്കള്‍ക്കറിയാമല്ലോ എന്ന് പറഞ്ഞാണ് പൊലിസ് മേധാവിയുടെ കത്ത് തുടങ്ങുന്നത്. ജഡ്ജിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്. ആരോപണങ്ങള്‍ ഏത് സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണെന്ന് അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി എടുക്കാമെന്നും കത്തില്‍ പറയുന്നു.
കെജ്രിവാള് ട്വിറ്ററിലൂടെയാണു ഇതിനു മറുപടി നല്‍കിയത്. ഐ.ബിയോട് ചോദിക്കുക, അവര്‍ എല്ലാം പറഞ്ഞുതരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചേര്ത്തുന്നുണ്ടെന്ന് കെജ്രിവാള് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."