ഒരുദിവസത്തെ നിരോധനം: ചാനലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമെന്ന് എന്‍.ഡി.ടി.വി
ന്യൂഡല്‍ഹി:ഈ മാസം ഒമ്പതിന് എന്‍.ഡി.ടി.വിയുടെ ഇംഗ്ലിഷ്- ഹിന്ദി എഡിഷനുകള്‍ സംപ്രേഷണം ചെയ്യരുതെന്ന കേന്ദ്ര ഉത്തരവിനെതിരേ വ്യാപകപ്രതിഷേധം. സര്‍ക്കാര്‍ നടപടി തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്ന് ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. വിഷയത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. എല്ലാ പത്ര- ചാനലുകളും നല്‍കിയതുപോലെ തന്നെയാണ് തങ്ങളും പത്താന്‍കോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ചാനലിനു മാത്രം നടപടി നേരിടേണ്ടിവന്നത് തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇപ്പോഴത്തെ സര്‍ക്കാര്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കു മൂക്കുകയറിടുകയാണെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രതികരണത്തില്‍ വ്യക്തമാക്കി.
1994ലെ കേബിള്‍ ടി.വി നെറ്റ്‌വര്‍ക് നിയമം ലഘിച്ചതിന് ഈ മാസം ഒമ്പതിന് രാത്രി 12 മുതല്‍ 24 മണിക്കൂര്‍ ചാനല്‍ സംപ്രേഷണം ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അപലപിച്ചു. പ്രത്യേകിച്ചൊരു രഹസ്യവിവരവും എന്‍.ഡി.ടി.വി പുറത്തുവിട്ടിട്ടില്ല. വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരം മാത്രമാണ് ചാനലിലെ റിപ്പോര്‍ട്ടിന് ആധാരം. ഇതാവട്ടെ ഔദ്യോഗിക രഹസ്യവുമല്ല. എന്നിരിക്കെ നടപടി ഏകപക്ഷീയമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ചാനലിനു നേര്‍ക്കുള്ള സര്‍ക്കാര്‍ നീക്കത്തെ ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷനും അപലപിച്ചു. ചാനലിനു നേര്‍ക്കുള്ള നടപടി ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു.കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നീക്കം മറ്റു മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നു പ്രതികരിച്ചു. മോദിസര്‍ക്കാരിന്റെ പ്രതികാര നടപടി ഏതുസമയവും പ്രതീക്ഷിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരുദിവസം ചാനല്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് മാധ്യമങ്ങള്‍ക്കും സ്വതന്ത്രനിലപാടുകള്‍ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും അഭിപ്രായപ്പെട്ടു. രാജ്യത്ത് അടിയന്താരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."