മലയിന്‍കീഴിലെ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം പൂട്ടി
മലയിന്‍കീഴ്: പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം തികയും മുന്‍പ് മലയിന്‍കീഴ് ബ്ലോക്ക് ആസ്ഥാനത്തെ വിഷരഹിത പഴം, പച്ചക്കറികളുടെ സംഭരണ വിതരണ കേന്ദ്രം അടച്ചുപൂട്ടിയ സ്ഥിതിയില്‍.
കേന്ദ്രം ഇനി തുറക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. സംസ്ഥാന ഗ്രാമ വികസന വകുപ്പിന്റെ പഴം പച്ചക്കറി വികസന പദ്ധതിയായ ഹാഡയുടെ ഭാഗമായാണ് വിപണന കേന്ദ്രം സ്ഥാപിച്ചത്.
നേമം ബ്ലോക്കിന് കീഴിലെ കര്‍ഷകരുടെ കൂട്ടായ്മ വിളയിച്ചെടുക്കുന്ന ജൈവ ഉല്‍പന്നങ്ങള്‍ക്ക് ഒരു വിപണിയെന്നതായിരുന്നു പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് വിപണന കേന്ദ്രത്തിന് മൂലധനമായി നല്‍കിയത്. ഈ പണവും വെള്ളത്തിലായി. ഓണക്കാലത്തു പോലും ഇവിടെ പച്ചക്കറി എത്തിക്കാനായില്ല.
കര്‍ഷകര്‍ക്ക് കൃത്യമായി വില നല്‍കാതായതോടെ കേന്ദ്രത്തിലേക്ക് പച്ചക്കറികള്‍ കിട്ടാതായി. വിപണി തുറന്നപ്പോള്‍ കാണിച്ച ആവേശം പിന്നീട് പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും തിരിച്ചടിയായി. പൊതുവിപണിയെക്കാള്‍ വിലക്കൂടുതലും സാധനങ്ങളുടെ ദൗര്‍ലഭ്യവും കാരണം ഉപഭോക്താക്കളുടെ വരവും നിലച്ചു.
ലക്ഷങ്ങള്‍ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ വിപണന കേന്ദ്രത്തിനായി നിര്‍മ്മിച്ച കെട്ടിടം ആര്‍ക്കും പ്രയോജനമില്ലാതെ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."