വി.എസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയ സംഭവം: ആളുകളെ നിയന്ത്രിക്കാനായില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍; ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഭാര്യയും വോട്ടു ചെയ്യാനെത്തിയപ്പോള്‍ ആളുകളെ നിയന്ത്രിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട്. യു.ഡി.എഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി.
അതേസമയം, സംഭവത്തില്‍ താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയതു പൊലിസാണെന്നും അദ്ദേഹം ആരോപിച്ചു. വി.എസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല. അനുവദിച്ചതിലും കൂടുതല്‍ പേരെയാണ് പോളിങ് ബൂത്തിലേക്കു കടത്തിവിട്ടത്. വി.എസുമായി ആത്മബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഷെയ്ഖ് പി. ഹാരിസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജിന്റെ പരാതിയിലാണ് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ അന്വേഷണത്തിന് ഉത്തരവിട്ടത്. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡിയും കൈമാറി. ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.
മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരുമായി നൂറോളം പേര്‍ പോളിങ് ബൂത്തിലേക്കു കയറിയപ്പോള്‍ പൊലിസ് തടഞ്ഞില്ലെന്നാണ് ജി. സുധാകരന്റെ ആരോപണം. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ബോധപൂര്‍വം ചിലര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വളഞ്ഞിട്ടു വേട്ടയാടുമ്പോള്‍ തനിക്ക് സംരക്ഷണം നല്‍കാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കായില്ലെന്നും സുധാകരന്‍ ആരോപിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ആലപ്പുഴ നേതൃത്വമാണ് തന്നെ അകറ്റി നിര്‍ത്തുന്നത്.
ആരെന്തു പറഞ്ഞാലും വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുക്കുന്ന ദേശാഭിമാനിയില്‍ തന്റെ നേരെയുണ്ടായ അക്രമങ്ങളൊന്നും വാര്‍ത്തയല്ല. കേസ് സുപ്രിംകോടതി വരെ പോകട്ടെ, യു.ഡി.എഫുകാരുടെ അപ്പൂപ്പന്റെ വകയല്ല സുപ്രിംകോടതിയെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."