പിണറായി സര്‍ക്കാര്‍ നിയമ വ്യവസ്ഥയെ മാനഭംഗപ്പെടുത്തുന്നു: പി.എ മാധവന്‍
വടക്കാഞ്ചേരി: സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് പിണറായി സര്‍ക്കാര്‍ നിയമ വ്യവസ്ഥയെ ബലാത്സംഗം ചെയ്യുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പി.എ മാധവന്‍ പറഞ്ഞു. മന്ത്രിമാര്‍ പൊലിസിനെ ഭീക്ഷണിപ്പെടുത്തുകയാണ്. സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതികളെ സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ച് കൊണ്ടു പോകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ ഭരണത്തില്‍ രക്ഷയില്ലാത്ത അവസ്ഥയാണെന്നും മാധവന്‍ കൂട്ടി ചേര്‍ത്തു. കൂട്ട മാനഭംഗത്തിനിരയായ നിസഹായയായ ഒരു യുവതി തന്റെ ദുരനുഭവങ്ങള്‍ ചൂണ്ടികാട്ടിയും, തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയന് രജിസ്റ്റര്‍ കത്തയച്ചിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നത് അതു കൊണ്ടാണെന്നും മാധവന്‍ കൂട്ടി ചേര്‍ത്തു. വടക്കാഞ്ചേരി പീഡന കേസില്‍ മന്ത്രി എ.സി മൊയ്തീന്‍ നിലപാട് വ്യക്തമാക്കണമെന്നും മാധവന്‍ ആവശ്യപ്പെട്ടു. പീഢന കേസിലെ പ്രതികളായ നഗരസഭ കൗണ്‍സിലര്‍ ജയന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പി.എ മാധവന്‍. നിയോജക മണ്ഡലം പ്രസിഡന്റ് ആനി ജോസ് അധ്യക്ഷനായി. ഷാഹിത റഹ്മാന്‍, ലീലാമ്മ ടീച്ചര്‍, ബുഷറ റഷീദ്, സിന്ധു സുബ്രഹ്മണ്യന്‍, കെ.അജിത്ത്കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, എന്‍.ആര്‍ സതീശന്‍, എന്‍.എ സാബു, എന്‍.ആര്‍ രാധാകൃഷ്ണന്‍, പി.വി നാരായണസ്വാമി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."