നിയമം ലംഘിച്ച ചരക്കുവാഹനങ്ങള്‍ക്കെതിരേ ആര്‍.ടി.ഒ നടപടി
വടകര: ആര്‍.ടി.ഒ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ചരക്കു കയറ്റി സര്‍വിസ് നടത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടത്തിയ പരിശോധനയില്‍ 23 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപ പിഴ ചുമത്തുകയും ചെയ്തു.
അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ചില വാഹനങ്ങളില്‍ അനുവദിച്ചതിനേക്കാള്‍ ഇരുപത് ടണ്‍ വരെ ഭാരം കയറ്റിയിരുന്നു. അന്യസംസ്ഥാനത്തേക്ക് മാത്രം ചരക്ക് കയറ്റാന്‍ ലൈസന്‍സുള്ള വാഹനങ്ങള്‍ സംസ്ഥാനത്തിനകത്ത് നിന്ന് ചരക്ക് കയറ്റി സംസ്ഥാനത്തിനകത്ത് തന്നെ ഇറക്കുമ്പോള്‍ സംസ്ഥാന പെര്‍മിറ്റുള്ള ചരക്കു വാഹനങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തിയതിനുള്ള പിഴയും ഒടുക്കേണ്ടി വരുമെന്ന് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു.
പകല്‍ സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നില്ലെന്ന് മനസിലാക്കി രാത്രിയാണ് ആര്‍.ടി.ഒ അധികൃതര്‍ പരിശോധനക്ക് നേതൃത്വം നല്‍കിയത്. രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പകല്‍ പത്ത് മണി വരെ തുടര്‍ന്നു. വടകര മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അസീം വി.ഐ, അജിത്ത് കുമാര്‍ പി.എ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."