പൊതുകിണര്‍ കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപണം
പാലക്കാട് : നഗരസഭ പരിധിയില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള നഗരസഭയുടെ പൊതുകിണര്‍ കയ്യേറി സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണങ്ങള്‍ ഉയരുന്നു. കുന്നത്തൂര്‍മേട് 22-ാം വാര്‍ഡിലെ ലക്ഷ്മി ആശുപത്രിക്കു സമീപം സ്ഥിതി ചെയ്യുന്ന ഒന്നര സെന്റ് സ്ഥലത്തെ പൊതു കിണറ്റിലെ ജലം മലിനമാക്കി കൈയ്യേറാന്‍ ചിലര്‍ ശ്രമിക്കുന്നതായി നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി ഭൂമി അളന്നു തിട്ടപ്പെടുത്തുകയും കൈയ്യേറ്റം നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭ നടപടിയെടുത്തിട്ടും സ്ഥലം വിട്ടു നല്‍കാന്‍ കൈയ്യേറിയവര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ജില്ലയിലെ ശുദ്ധ ജല സ്രോതസുകള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടും അത് ഉള്‍ക്കൊള്ളാന്‍ സംഘടനാ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ലെന്ന് കൗണ്‍സിലര്‍ പറയുന്നു. ഇപ്പോള്‍ കിണറിന്റെ പകുതി ഭാഗം വളച്ചുകെട്ടി സ്വന്തമാക്കിയവര്‍ കിണറ്റില്‍ മാലിന്യം നിറച്ച് കുടിവെള്ള സ്രോതസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാനും കുടി വെള്ള സ്രോതസ് മലിനമാക്കാനുമുള്ള ശ്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനുള്ള ശ്രമത്തിലാണ് പരിസരവാസികള്‍. നഗരസഭാ ഭൂമി തിരിച്ചെടുത്ത് ശുദ്ധജല സ്രോതസ്സായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും കൗണ്‍സിലര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."