അനധികൃത മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ടും രണ്ടു വള്ളവും പിടികൂടി
ഫറോക്ക്: അനധികൃത മത്സ്യബന്ധനം നടത്തിയതിന് ബേപ്പൂരില്‍ ഒരു ബോട്ടും രണ്ടു വള്ളവും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ മീന്‍പിടിത്തം നടത്തിയതിന് ഫറോക്ക് ജി.എച്ച് റോഡില്‍ റംഷാദ് നിവാസില്‍ അബ്ദുറഹ്മാന്റെ ഉടമസ്ഥതിയിലുള്ള സീബേഡ് ബോട്ടും ചാലിയം സീമാമുന്റകത്ത് കാസിമിയുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ നിറയെ വളം നിര്‍മാണത്തിനു കയറ്റി അയക്കുന്നതിനായി പിടിച്ച ചെറുമീനുകളായിരുന്നു.
വളമത്സ്യങ്ങളുമായി ചാലിയത്തേക്കു വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു മറൈന്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് വള്ളം പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി. സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഫിഷറീസ് അസി. ഡയറക്ടര്‍ക്ക് കൈമാറി. ബോട്ടിനും വള്ളങ്ങള്‍ക്കും തിങ്കളാഴ്ച പിഴ ചുമത്തും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ എസ്.സ് സുജിത്ത്. അബ്ദുല്‍ ഗഫൂര്‍, രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടും വള്ളവും കസ്റ്റഡിയിലെടുക്കുന്നത്. മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിയൊരുക്കുന്ന ചെറുമത്സ്യങ്ങളെ പിടികൂടുന്നത് വളരെ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ പൂജ അവധിക്കാലത്ത് വന്‍ തോതില്‍ ചെറുമീനുകളെ പീടികൂടുന്നുതായി പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസും ചേര്‍ന്ന നടത്തിയ പരിശോധനയില്‍ ആറു ബോട്ടുകളാണ് പിടികൂടിയത്. എട്ട് ടണ്‍ വരുന്ന 20 ബോകസും ചെറുമീനുകളാണ് അന്ന് പിടികൂടിയത്.
കേരളത്തില്‍ 14 ഇനം ചെറുമത്സ്യങ്ങളെ പിടികൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിച്ചാണ് ബോട്ടുകളും കൂറ്റന്‍ വള്ളങ്ങളും പരമ്പാരഗത വള്ളങ്ങളും വന്‍തോതില്‍ ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത്. ഇത്തരം ചെറുമത്സ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കയറ്റിയക്കും. വളത്തിന് വേണ്ടിയാണ് ചെറുമീനുകള്‍ കൊണ്ടുപോകുന്നത്. സമീപകാലത്തായി അധികൃതരെ വെല്ലുവിളിച്ച് ചെറുമീനുകളെ പിടികൂടുന്നതിന് പുതിയാപ്പ, ബേപ്പൂര്‍ കൊയിലാണ്ടിയുള്‍പ്പെടെ മലബാര്‍ തീരങ്ങളില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വളം മത്സ്യങ്ങളെ പിടികൂടുന്നതിന് തടയിടുന്നതിനായി കടലില്‍ പരിശോധന ശക്തമാക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."