കെ-ടെറ്റ് പരീക്ഷ വൈകി; വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ പ്രതിഷേധിച്ചു
വടകര: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ( കെ-ടെറ്റ് ) പരീക്ഷ 30 മിനിറ്റോളം വൈകി തുടങ്ങിയതിനെ തുടര്‍ന്ന് പരീക്ഷാ സെന്ററില്‍ വാക്കേറ്റവും പ്രതിഷേധവും.
വടകര പുതുപ്പണം ജെ.എന്‍.എം.എച്ച്.എസ്.എസിലാണ് കെ-ടെറ്റ് പാര്‍ട്ട് ഒന്ന് പരീക്ഷ വൈകി തുടങ്ങിയത്. ഇന്നലെ രാവിലെ പത്തിനു തുടങ്ങേണ്ട പരീക്ഷ 10.30 ഓടെയാണ് ആരംഭിച്ചതെന്ന് പരീക്ഷാര്‍ഥികള്‍ പറഞ്ഞു. സമയം വൈകിയത് പരീക്ഷാ ചുമതലയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരീക്ഷാര്‍ഥികളോട് അപമര്യാദയോടെയാണ് അധികൃതര്‍ പെരുമാറിയതെന്നും പരാതിയുണ്ട്. വൈകി ചോദ്യപേപ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് 30 മിനിറ്റ് അധികം നല്‍കണമെന്ന പരീക്ഷാര്‍ഥികളുടെ ആവശ്യം പരീക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ പരിഗണിക്കാതെ ഉത്തരപേപ്പര്‍ ബലമായി പിടിച്ചുവാങ്ങി. കെ- ടെറ്റ് പാര്‍ട്ട് ഒന്ന് പരീക്ഷക്കു അഞ്ചു വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നു സെറ്റ് ചോദ്യപേപ്പറുകളാണുള്ളത്.
ഓരോ വിഷയത്തിനും 30 മിനിറ്റ് കണക്കാക്കിയാണ് സമയം അനുവദിക്കപ്പെട്ടത്. പരീക്ഷ വൈകി തുടങ്ങിയതിനാല്‍ ജെ.എന്‍.എം.എച്ച്.എസ്.എസ് സെന്ററിലെ ഭൂരിഭാഗം പേര്‍ക്കും മൂന്നു സെറ്റ് ചോദ്യപേപ്പര്‍ പൊട്ടിച്ച് വായിക്കാനുള്ള സമയം പോലും ലഭിച്ചില്ല. അതിനിടെ, പരീക്ഷയുടെ ചോദ്യപേപ്പര്‍ പൊട്ടിച്ച് നല്കുന്നതില് പാലിക്കേണ്ട നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടതായും പരീക്ഷാര്‍ഥികള്‍ ആരോപിച്ചു.
പരീക്ഷാ ഡ്യൂട്ടിക്കെത്തിയവര്‍ യാതൊരു പരിശീലനവും ലഭിക്കാത്തവരെ പോലെയാണ് പെരുമാറിയതെന്നും പരാതിയുണ്ട്. 300ഓളം പേരാണ് ഇവിടെ പരീക്ഷയെഴുതാനെത്തിയത്. പരീക്ഷ നടത്തിപ്പുകാരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് പരീക്ഷക്കെത്തിയവര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ഓഫിസിലെത്തി പരാതിപ്പെട്ടെങ്കിലും വൈകി തുടങ്ങിയ പരീക്ഷ വൈകി അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."