ചവറ കെ.എം.എം.എല്ലിലെ മൈനിങ് കരാര്‍ വിവാദമാകുന്നു കെംപല്‍ ചട്ടം ലംഘിച്ച് ഉപകരാര്‍ നല്‍കി;
കാലാവധി തീരുംമുമ്പു പിന്‍മാറി
സ്വന്തം ലേഖകന്‍
കൊല്ലം: ചവറ കെ.എം.എം.എല്ലില്‍ മൈനിങിന് കരാറെടുത്ത പൊതുമേഖലാ സ്ഥാപനമായ കെംപല്‍ ചട്ടം ലഘിച്ച് സ്വകാര്യവ്യക്തിക്കു ഉപകരാര്‍ നല്‍കിയതും ഒടുവില്‍ കാലാവധി പൂര്‍ത്തിയാക്കാതെ കരാറൊഴിഞ്ഞതും വിവാദമാകുന്നു.
കമ്പനിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു തൊഴില്‍ നല്‍കുന്ന പൊന്‍മന സെക്കന്റ് മൈനിങ് സൈറ്റിലാണ് കെംപല്‍ സ്വകാര്യവ്യക്തിക്കുവേണ്ടി ബിനാമിയായി മാറിയത്. 2003 മുതലാണ് കമ്പനി ഖനനത്തിനുവേണ്ടി ഭൂമി ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്കുവീതം തൊഴില്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. 2008 മുതല്‍ സെക്കന്റ് സൈറ്റ് എന്നപേരില്‍ പ്രത്യേകമായി ടെണ്ടര്‍ ക്ഷണിച്ചാണ് 190ഓളം വരുന്ന തൊഴിലാളികള്‍ക്കു ജോലി നല്‍കിയത്. നിലവില്‍ 170 തൊഴിലാളികളാണുള്ളത്.
കെ.എം.എം.എല്‍ മാനേജുമെന്റും ട്രേഡു യൂനിയന്‍ നേതാക്കളും കരാറുകാരും ചേര്‍ന്നാണ് വര്‍ഷാവര്‍ഷം കരാര്‍ പുതുക്കുന്നത്. സേവനവേതന വ്യവസ്ഥകള്‍ പ്രകാരം ഒരു തൊഴിലാളി പ്രതിദിനം 6.5ടണ്‍ കരിമണല്‍ ലോഡുചെയ്യേണ്ടിവരും. അതിനു കഴിയാതെവന്നാല്‍ ആനുപാതികമായി വേതനത്തിലും കുറവുണ്ടാകും. തൊഴിലാളികളുടെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, സേഫ്റ്റി ഉപകരണങ്ങള്‍, വൊക്കേഷണല്‍ ട്രെയിനിങ് തുടങ്ങിയവ കരാറുകാരന്റെ ചുമതലയിലാണ്. 2015-16 കാലയളവിലാണ് കെംപല്‍ കരാറെടുത്തത്. പൊതുമേഖലാ സ്ഥാപനമായതിനാല്‍ തൊഴിലാളികള്‍ സേവന വ്യവസ്ഥകളില്‍ ഇളവു നല്‍കിയിരുന്നു.
എന്നാല്‍ കെംപലാകട്ടെ രണ്ടുലക്ഷം രൂപയുടെ ഫാമിലി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒരുലക്ഷമാക്കുകയും സേഫ്റ്റി ഉപകരണങ്ങള്‍, വൊക്കേഷണല്‍ ട്രെയിനിങ് എന്നിവ ഒഴിവാക്കുകയും ചെയ്തു. കരാര്‍ പൂര്‍ണമായും ഏറ്റെടുത്ത കെംപല്‍ ചുമതല സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതു കരാര്‍ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കരാര്‍ ഏറ്റെടുക്കുന്നവര്‍ ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.
ഈ ഇടപാടിനു പിന്നില്‍ കമ്പനിയിലെ ചില ഉദ്യോസ്ഥാരാണെന്നാണ് ആക്ഷേപമുള്ളത്. കരാര്‍ ലംഘനത്തിനെതിരേ പ്രദേശത്തെ എം.എല്‍.എമാരായ എന്‍.വി ജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍, കമ്പനി എം.ഡി എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കെംപല്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനം കമ്പനിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയും ചെയ്തു. ശമ്പള കുടിശിക വരുത്തിയതു കൂടാതെ നോക്കുകൂലിയെന്ന പ്രചരണവും നടത്തിയതോടെ തൊഴിലാളികള്‍ കെംപലിനെതിലരേ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്നു ഒരുമാസത്തെ കുടിശിക നല്‍കാതെ കെംപല്‍ കരാര്‍ അവസാനിപ്പിക്കുയും ചെയ്തു. മൈനിങ് ജോലികളില്‍ നിന്നും ഇടനിലക്കാരെയും കരാറുകാരെയും ഒഴിവാക്കി കമ്പനി നേരിട്ടു പണിയെടുപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനാ നേതാക്കളായ സി.പി സുധീഷ്‌കുമാര്‍, യുസഫ്കുഞ്ഞ്, സന്തോഷ് തുപ്പാശ്ശേരി, ഡി പ്രദീപ്, എസ് രാജീവ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."