തെരഞ്ഞെടുപ്പ് പരാജയം: കാസര്‍കോട് രണ്ടു സി.പി.എം നേതാക്കളെ തരംതാഴ്ത്തി
ചെറുവത്തൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയില്‍ സി.പി.എം സ്ഥാനാര്‍ഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയംഗത്തെയും ഏരിയാ കമ്മിറ്റിയംഗത്തെയും തരംതാഴ്ത്തി. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി.പി ജാനകി, ചെറുവത്തൂര്‍ ഏരിയാകമ്മിറ്റിയംഗം എം.അമ്പൂഞ്ഞി എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്കും ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കയ്യൂര്‍-ചീമേനി പഞ്ചായത്ത് തിമിരി വാര്‍ഡിലെ പരാജയവുമായി ബന്ധപ്പെട്ടാണ് നടപടി. സി.പി.എം ഉരുക്കുകോട്ടയായ ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി.മുകുന്ദനെ 93 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഞ്ഞികൃഷ്ണന് അട്ടിമറിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സി.പി.എം സ്ഥാനാര്‍ഥി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
പരാജയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ മനസിലാക്കി ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ചതിനാണ് മുഖ്യചുമതലക്കാരായിരുന്ന വി.പി ജാനകി, എം.അമ്പൂഞ്ഞി എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്. ഏരിയാ,ലോക്കല്‍ സെക്രട്ടറിമാര്‍ എന്ന നിലയില്‍ ഈ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ച ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ.പി വത്സലന്‍, തിമിരി ലോക്കല്‍ സെക്രട്ടറി പി.കമലാക്ഷന്‍ എന്നിവരെ പരസ്യമായി ശാസിക്കാനും ജില്ലാകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."