വിജിലന്‍സ് അന്വേഷണം നേരിടുന്നത് 47 ഉന്നതോദ്യോഗസ്ഥര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സിന്റെ സീക്രട്ട് സെക്ഷനില്‍ നിന്ന് കേസുകളുള്ള ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് 47 ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഇതില്‍ 32 പേര്‍ ഐ.എ.എസുകാരും 15 ഐ.പി.എസുകാരുമാണ്.
ടോമിന്‍ ജെ തച്ചങ്കരി, ടി.ഒ സൂരജ് എന്നിവരാണ് കേസുള്ളവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍. അഞ്ചുവീതം കേസുകളാണ് ഇരുവര്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിനും ടോം ജോസിനുമെതിരേ അന്വേഷണം നടക്കുന്നുണ്ട്. കെ.എം.എം.എല്ലിലെ ക്രമക്കേടിലും ടോം ജോസിനെതിരേ അന്വേഷണം നടക്കുന്നു.
ചിറ്റാഴിപുഴയിലെ പാലം നിര്‍മാണവും മെട്രോ റെയിലിലെ ഭൂമി ഏറ്റെടുത്ത പരാതിയിലും തുറമുഖ ഡയറക്ടര്‍ ഷേഖ് പരീതിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്‍കിയത്, അനധികൃത സ്വത്ത് സമ്പാദനം, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ടെണ്ടറുകള്‍ നല്‍കിയതിലെ ക്രമക്കേട്, സിഡ്‌കോയില്‍ അനധികൃത നിയമനം, വാണിജ്യ അടിസ്ഥാനത്തിലുള്ള ഭൂമി കൈമാറ്റം എന്നിവയിലാണ് ടി.ഒ സൂരജിനെതിരേ അന്വേഷണം നടക്കുന്നത്. കൂടാതെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുമുണ്ട്.
തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ അംഗത്വം അനുവദിച്ചതിലെ ക്രമക്കേടില്‍ മുന്‍ചീഫ് സെക്രട്ടറി കൂടിയായ ജിജി തോംസനെതിരേ കേസുണ്ട്. കൂടാതെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. കേരള കേഡറില്‍ നിന്നും കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. അനില്‍ എക്‌സ്, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലിപാഷ, റാണി ജോര്‍ജ്, ലത, രാജശ്രീ അജിത് തുടങ്ങിയവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
തണ്ണീര്‍ത്തടം നികത്തലിന് അനുമതി നല്‍കിയതില്‍ പി.ബി സലീമും അന്വേഷണം നേരിടുന്നു. ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥരായ ആനന്ദ സിങ്, എന്‍.എ കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ് എന്നിവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി കാത്തുകിടക്കുകയാണ്. വാനില കൃഷി അഴിമതിയില്‍ എ.ജെ രാജനെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല. കൂടാതെ ഐ.എ.എസ് ഉദ്യോഗസ്ഥരായ പി.എം ഫ്രാന്‍സിസ്, ബാലകൃഷ്ണന്‍, ഗിരീഷ്‌കുമാര്‍, എം.ശിവശങ്കരന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വാഹന ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ടോമിന്‍ തച്ചങ്കരിക്കെതിരേ കേസുള്ളത്. കൂടാതെ വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറക്കിയതിലും കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയിലും ക്രഷര്‍ യൂനിറ്റ് വില്‍പനയിലും തച്ചങ്കരിക്കെതിരേ അന്വേഷണമുണ്ട്.
ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് ജോബിനെതിരേ ത്വരിതാന്വേഷണം നടക്കുന്നു. റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിനു നിശാന്തിനി ഐ.പി.എസിനെതിരേ നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിനു മനോജ് എബ്രഹാമിനെതിരേ അന്വേഷണം നടത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ശങ്കര്‍ റെഡ്ഡിക്കെതിരേയും അന്വേഷണം നടക്കുന്നു.
സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് ഫണ്ട് വിനിയോഗത്തിലെ തിരിമറി നടന്നുവെന്ന ആരോപണത്തില്‍ പി.വിജയനെതിരേയും അധികാര ദുര്‍വിനിയോഗത്തിന് എസ്.ശ്രീജിത്തിനെതിരേയും കോഴഞ്ചേരി മെറ്റല്‍ ക്രഷറുമായി ബന്ധപ്പെട്ട് രാഹുല്‍ ആര്‍.നായര്‍ക്കെതിരേയും അന്വേഷണം നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."