യു.എസ് പ്രസിഡന്റ് വനിതയോ വ്യവസായിയോ?
ജനകീയ വോട്ടെടുപ്പ് നാളെ
ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് അമേരിക്കന്‍ ഐക്യനാടുകള്‍ ഒരുങ്ങിക്കഴിഞ്ഞു. യു.എസ് ഇനി ആരുഭരിക്കണമെന്ന കാര്യത്തില്‍ നാളെ വിധിയെഴുത്ത് നടക്കും. 58ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ യു.എസ് അവസാന ഒരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. എല്ലാ രാജ്യങ്ങളെയും യു.എസ് രാഷ്ട്രീയത്തിലെ മാറ്റം ബാധിക്കുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്.
രണ്ടര നൂറ്റാണ്ടോളം ജനാധിപത്യ പാരമ്പര്യമുള്ള അമേരിക്കയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് കോലാഹലങ്ങളാണ് ഇത്തവണ കേട്ടത്. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പ് കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പലപ്പോഴും പ്രചാരണം. വ്യക്തിഹത്യയും പരസ്പര ചെളിയേറും മൂലം ഇത്തവണത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അസാധാരണ വാര്‍ത്താപ്രാധാന്യവും ലഭിച്ചു. ഹലരി ജയിച്ചാല്‍ യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതിക്കാണ് അവര്‍ ഉടമയാകുക. രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ പ്രസിഡന്റ് എന്ന പ്രത്യേകതയാണ് ട്രംപ് ജയിച്ചാല്‍ ഉണ്ടാകുക.
യു.എസ് തെരഞ്ഞെടുപ്പ്
ഒരു വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങളാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ളത്. 1845 മുതല്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയായിരിക്കും പ്രസിഡന്റ് തെരഞ്ഞടുപ്പ് തീയതി. ഈ വര്‍ഷം ഇത് നാളെയാണ്. ഇലക്ട്രല്‍ കോളജാണ് യു.എസ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക. ഇലക്ട്രല്‍ കോളജ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഓരോ വോട്ടര്‍മാര്‍ക്കും നേരിട്ട് വോട്ട് രേഖപ്പെടുത്തും. പുതിയ പ്രസിഡന്റ് അടുത്തവര്‍ഷമാണ് ചുമതലയേല്‍ക്കുക. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡന്റ് ബരാക് ഒബാമയെയും കുടുംബത്തെയും വിമാനത്തില്‍ യാത്രയയക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് പരിസമാപ്തിയാകുക.
ചരിത്രവും രാഷ്ട്രീയവും
ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനിയായിരുന്ന അമേരിക്ക ഏഴുവര്‍ഷം നീണ്ട രൂക്ഷപോരാട്ടത്തിലൂടെയാണ് സ്വതന്ത്രമായത്. 1787 ലാണ് അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.എ) രൂപംകൊണ്ടത്. ജോര്‍ജ് വാഷിങ്ടണായിരുന്നു ആദ്യ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിന്നീട് അങ്ങോട്ട് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കരുമായി രണ്ട് പാര്‍ട്ടികള്‍ മാത്രം യു.എസില്‍ മേല്‍ക്കൈ നേടി. ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ 15 പ്രസിഡന്റുമാരുടെ രാഷ്ട്രീയ പാര്‍ട്ടി എന്തായിരുന്നുവെന്ന് ആര്‍ക്കും തീര്‍ച്ചയില്ല. 1860 ല്‍ 19ാമത് പ്രസിഡന്റായ എബ്രഹാം ലിങ്കണാണ് ആദ്യ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്. വാഷിങ്ടണ്‍ ഭരണകാലം മുതല്‍ യു.എസ് രാഷ്ട്രീയത്തില്‍ ചേരിതിരിവുണ്ടായിരുന്നു. ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യത്തിനു ശേഷവും കൂറുപുലര്‍ത്തിയിരുന്ന ഫെഡറലിസ്റ്റുകളും അല്ലാത്തവരായ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളുമാണിവര്‍. ഇതാണ് പില്‍ക്കാലത്ത് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കരുമായി രണ്ട് പാര്‍ട്ടികളായത്. കറുത്തവര്‍ഗക്കാര്‍ക്ക് ആദ്യകാലങ്ങളിലൊന്നും ജനാധിപത്യത്തിന്റെ കീ പോസ്റ്റുകളിലൊന്നും എത്തിച്ചേരാനും കഴിഞ്ഞില്ല.
പോരാട്ടം ഇഞ്ചോടിഞ്ച്
മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രഥമ വനിതയുമായിരുന്ന ഹിലരി ക്ലിന്റന്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പാര്‍ട്ടിക്കാരിയായ ഹിലരിക്ക് പരിചയസമ്പന്നതയും പക്വതയും ഉണ്ട്. വ്യക്ത്വിത്വം നോക്കി വോട്ട് ചെയ്യുന്ന പാരമ്പര്യമുള്ള അമേരിക്കക്കാര്‍ ഹിലരിയെ തെരഞ്ഞെടുക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അഭിപ്രായ സര്‍വേകളില്‍ ഏറെ മുന്നിലായിരുന്ന ഹിലരി പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇ-മെയില്‍ കേസില്‍പ്പെട്ടതോടെ കാലിടറി. ഹിലരിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താന്‍ എഫ്.ബി.ഐയുടെ ഇടപെടലും ഉണ്ടായി. എഫ്.ബി.ഐ മേധാവി ജെയിംസ് കോമി ഹിലരിക്കെതിരേയുള്ള കേസ് കുത്തിപ്പൊക്കിയതും വിക്കിലീക്‌സ് ഹിലരിയുടെ ഇ മെയിലുകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതും കാര്യങ്ങള്‍ തകിടം മറിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉറച്ച പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ പോലും ലീഡ് ഉറപ്പിക്കാന്‍ അവസാന മണിക്കൂറില്‍ ഹിലരി പക്ഷത്തിന് വിയര്‍ക്കേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതെന്ന പ്രത്യേകതയും ഹിലരിക്കുണ്ട്.
ട്രംപ് ഉയര്‍ത്തുന്ന ഭീഷണി
വംശീയ വിദ്വേഷവും അസഹിഷ്ണുതയും വിതച്ചാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് ഇത്തവണ യു.എസ് തെരഞ്ഞെടുപ്പില്‍ തിളങ്ങിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രൈമറിയിലും കോക്കസിലും കീഴ്‌പ്പെടുത്തിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. രാഷ്ട്രീയത്തില്‍ മുന്‍ പരിചയം ഇല്ലാത്ത ട്രംപ് ഉയര്‍ത്തിയ മുസ്്‌ലിം വിദ്വേഷവും മെക്‌സികോയിലെ അതിര്‍ത്തി അടയ്ക്കുമെന്ന നിലപാടും ഒരുവിഭാഗം ആളുകള്‍ പിന്തുണച്ചു. ട്രംപിന്റെ തലതിരിഞ്ഞ വിദേശനയവും കൃത്യതയില്ലാത്ത നിലപാടുകളും എതിര്‍ക്കപ്പെട്ടു.
യു.എസിലെ പ്രമുഖ മാധ്യമങ്ങളും ട്രംപിനെ പരാജയപ്പെടുത്തണമെന്ന നിലപാടുമായി രംഗത്തെത്തുകയും മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി 11 സ്ത്രീകള്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നില പരുങ്ങലിലായി. ഹിലരിയുടെ ഇ-മെയില്‍ കേസ് ചൂടുപിടിച്ചതാണ് ട്രംപിന് ഇപ്പോള്‍ നേട്ടമായത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഫലം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി പ്രഖ്യാപിക്കണമെന്നുമുള്ള ട്രംപിന്റെ പ്രസ്്താവനകള്‍ അമേരിക്കക്കാരില്‍ ആശങ്കയുണ്ടാക്കി. ട്രംപ് ഇത്തരം നിലപാടെടുത്താല്‍ ഭരണഘടനാ പ്രതിസന്ധിയാണ് യു.എസിലുണ്ടാകുക.
ലോകം ആശങ്കയില്‍
ട്രംപ് തെരഞ്ഞെടുക്കപ്പെടുന്നതിനോട് ജര്‍മനി ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന പാരിസ് കാലാവസ്ഥാ ഉടമ്പടി പോലും റദ്ദുചെയ്യുമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ആണവായുധം, വിദേശനയം എന്നിവയില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാടാണ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. ഹിലരി ഒബാമയുടെ നയങ്ങള്‍ പിന്തുടരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒബാമ ഭരണത്തിന്റെ തനിപകര്‍പ്പാകില്ലെന്ന് ഹിലരിയും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് കുടിയേറ്റനിയമം കര്‍ശനമാക്കിയാല്‍ സാമ്പത്തിക രംഗത്തെയും ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."