ചക്ക നിസ്സാരക്കാരനല്ല; പലഹാരങ്ങളും സദ്യയുമൊരുക്കി റഫീഖ്
കോഴിക്കോട്: പലര്‍ക്കും അത്ര വിലയുള്ള വിഭവമല്ല ചക്ക. പഴുത്ത ചക്കച്ചുളയോ ചക്കപ്പുഴുക്കോ കഴിച്ചേക്കാം. അതിനപ്പുറം വലിയ മമതയൊന്നും ആരും ചക്കയോട് കാട്ടാറില്ല. എന്നാല്‍ നിസ്സാരമല്ല ചക്ക എന്ന് ഓര്‍മിപ്പിക്കുകയാണ് പാറശ്ശാല സ്വദേശി റഫീഖ്. ചക്ക നിത്യജീവിതത്തിലുള്പ്പെടുത്തി ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് മലയാളികളെ അറിയിക്കുകയാണ് റഫീക്കിന്റെ ചക്കസദ്യ.
കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പുഷ്പ മഹോത്സവത്തിന്റെയും ഭക്ഷ്യമേളയുടെയും ഭാഗമായുള്ള ഫുഡ് കോര്‍ട്ടിലാണ് റഫീഖ് ചക്കവിഭവങ്ങള്‍ ഒരുക്കുന്നത്. ഒന്നും രണ്ടുമല്ല, നൂറ്റി ഇരുപതോളം പലഹാരങ്ങളാണ് റഫീഖ് ചക്ക കൊണ്ട് ഉണ്ടാക്കുന്നത്. വൈകിട്ട് ചായക്കൊപ്പം ചക്ക കട്ലറ്റ്, ചക്ക പഴംപൊരി, ചക്ക പരിപ്പുവട, ചക്കവരട്ടി, ചക്ക മഞ്ചൂരി എന്നിവയെല്ലാം ഇവിടെ ലഭിക്കും. പത്ത് രൂപയാണ് പലഹാരങ്ങളുടെ വില.
റഫീഖ് ഒരുക്കുന്ന ചക്കസദ്യയും മേളയില്‍ ലഭ്യമാണ്. ഒരു ദിവസം വരിക്കച്ച കൊണ്ടുള്ള പന്ത്രണ്ട് തൊടുകറികളാണ് ഊണിനൊപ്പം വിളമ്പുന്നത്. പത്തുദിവസം കൊണ്ട് 120 ചക്കക്കറികള് വിളമ്പുമെന്ന് റഫീഖ് പറയുന്നു. ദിവസവും രണ്ടുതരം ചക്കപ്പായസവും വിളമ്പുന്നുണ്ട്. മണ്ണാശ്ശേരില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുഷ്പമഹോത്സവവും ഭക്ഷ്യമേളയും 14 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."