ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയില്ല
മട്ടാഞ്ചേരി: സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കെ.ജെ മാക്‌സി എം.എല്‍.എ നേരത്തേ അറിയിച്ചിരുന്നുവെങ്കിലും പണി തീരാത്തതിനാല്‍ ഉദ്ഘാടനം നീട്ടി വെയ്ക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. മാലിന്യ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണത്രേ പ്രവര്‍ത്തനത്തിന് തടസമായിട്ടുള്ളത്.
നാല് ടാങ്കുകളില്‍ ഒരെണ്ണത്തിന്റെ നിര്‍മാണമാത്രേ പൂര്‍ത്തിയാകാത്തത്. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നത് മൂലം ഒന്നര മാസം മുമ്പ് ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പ്രധാന തടസമെന്ന് അന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇതിന് ശേഷം കെ.ജെ.മാക്‌സി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരുകയും നവമ്പര്‍ അഞ്ചിന് സെന്ററിന്റെ ഉദ്ഘാടനം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികളുടെ അനാസ്ഥ മൂലം സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകേണ്ട സെന്ററിന്റെ പ്രവര്‍ത്തനം വൈകുകയാണ്. നിസാര കാരണങ്ങളാല്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ട് വരാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."