ജല അതോറിറ്റിയുടെ അനാസ്ഥ; കുടിവെള്ളം മുട്ടി തോയിപ്രക്കാര്
കരിങ്കുന്നം: കാലവര്‍ഷമായാലും വേല്ക്കാലമായാലും കുടിനീരിന് നെട്ടോട്ടമോടേണ്ട ഗതികേടിലാണ് തോയിപ്ര നിവാസികള്‍. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇവരുടെ കുടിവെള്ളം മുട്ടിയിട്ട് നാളുകളായി. ഇവിടെ പൈപ്പു ലൈന്‍ സ്ഥാപിച്ചിട്ട് കാലങ്ങളായെങ്കിലും തുള്ളി വെള്ളം മാത്രം ലഭിച്ചിട്ടില്ല. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും ഇതൊന്നും അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് ഇവിടുത്തുകാരെ കടുത്ത ദുരിതത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്.
നെല്ലാപ്പാറയിലെ ടാങ്കില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍ കുന്നത്തേല്‍ ഭാഗം വരെ മാത്രമാണ് വെള്ളമെത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ നാട്ടുകാര്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവരങ്ങള്‍ അറിയാന്‍ വിവരാവകാശവും നല്കി.
കെ.എസ്.ടി.പിയുടെ റോഡു പണി നടക്കുന്നതിനാല്‍ പൈപ്പുകള്‍ തകരാറിലാണെന്നും ഇതുമൂലമാണ് വെള്ളം ലഭിക്കാത്തതെന്നുമായിരുന്നു മറുപടി. എന്നാല്‍ റോഡു പണി കഴിഞ്ഞിട്ടും ഇവിടെ ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ല. മാത്രമല്ല റോഡു പണിക്ക് മുമ്പും ഇതുതന്നെയായിരുന്നു അവസ്ഥയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മറ്റത്തിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഇവിടെ വെള്ളം എത്തിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിനും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണിയും ഇവര്‍ ഉയര്‍ത്തി. അന്ന് സ്ഥലത്തെിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതും ജലരേഖയായി മാറി. കണക്ഷന് എടുത്ത വീട്ടുകാര്‍ വെള്ളം കിട്ടുന്നില്ലെങ്കിലും വാട്ടര്‍ ചാര്‍ജ് അടയ്ക്കുന്നുണ്ട്. പലരും ഇതിനു കഴിയാതെ കണക്ഷന് ഉപേക്ഷിച്ചു.
തോയിപ്ര ടൗണിനു സമീപത്തെ തോട്ടില്‍ നിന്നും ഓലിയില്‍ നിന്നുമാണ് ജനങ്ങള്‍ വെള്ളം ശേഖരിക്കുന്നത്. കുടവും തലയിലേന്തി പോകുന്ന സ്ത്രീകള്‍ ഇവിടെ പതിവു കാഴ്ചയാണ്. വേനല്‍ രൂക്ഷമാകുന്നതോടെ ഈ വെള്ളവും വറ്റും. ഇതോടെ കിലോമീറ്ററുകള്‍ കുടിവെള്ളത്തിനായി താണ്ടേണ്ട അവസ്ഥയാണ് തോയിപ്രക്കാര്ക്ക്. അതിനാല്‍ ഓരോ വേനല്‍ക്കാലവും ഇവര്‍ക്ക് ഭീതിയുള്ള ഓര്‍മയാണ് . നാട്ടുകാരായ നടയ്ക്കല്‍ ആന്റണി ജോസഫ്, മുണ്ടുപുഴയ്ക്കല്‍ അപ്പച്ചന്, പാമ്പയ്ക്കല്‍ ബേബി എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരിച്ച് പഞ്ചായത്ത് അധികുതര്ക്കും കലക്ടര്‍ക്കും പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ ശക്തമായ സമരവുമായി രംഗത്തെത്താനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."