മകന്റെ ചികിത്സക്ക് പണമില്ല; നിര്‍ധനയായ യുവതി സഹായം തേടുന്നു
പെരുമ്പാവൂര്‍: മകന്റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ നിര്‍ധനയായ യുവതിയും മൂന്ന് മക്കളും സുമനസകളുടെ സഹായം തേടുന്നു. ഒന്നാംമൈല്‍ പെരിയാര്‍വാലി കനാല്‍ബണ്ട് പുറമ്പോക്കില്‍ താമസിക്കുന്ന പുത്തന്‍പുര വീട്ടില്‍ ആമിനയുടേയും നാല് മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെയും ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ആമിന(44)ക്ക് രണ്ട് ആണ്‍ക്കുട്ടികളും മൂന്ന് പെണ്‍ക്കുട്ടികളുമായിരുന്നു. ആണ്‍ക്കുട്ടികളായ മാഹിന്‍(22), സജിത്(13) എന്നിവര്‍ ഹീമോഫിലിയ എന്ന മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ സജിത് കഴിഞ്ഞ മാസം 23ന് രോഗം വഷളായതിനെ തുടര്‍ന്ന് മരണമടഞ്ഞു.
മൂത്തമകന്‍ മാഹിന്‍ ആലുവ ഗവ.ഹോസ്പിറ്റലില്‍ ഹീമോഫീലിയ വാര്‍ഡില്‍ ചികിത്സയിലാണ്. തകര്‍ന്നു വീഴാറായ കൂരയില്‍ 14, 12 ഒമ്പത് വയസുള്ള പെണ്‍ക്കുട്ടികളേയും കൂട്ടി നിത്യവൃത്തിക്ക് വകയില്ലാതെ കഴിഞ്ഞു കൂടുന്ന അവസ്ഥയാണ് ഈ കുടുംബത്തിനുള്ളത്. ഇവരെ സഹായിക്കുന്നതിനായി എം.ഇ.എസ് ജില്ലാ പ്രസിഡന്റ് റ്റി.എം സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായും ഇബ്രാഹീം കുട്ടി വടക്കനേത്തി കണ്‍വീനറായും സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എം മുജീബ് റഹ്മാന്‍ ട്രഷററായും ആമിന കുടുംബസഹായ സമിതി രൂപീകരിച്ചു. സമിതിയുടെ പേരില്‍ പെരുമ്പാവൂര്‍ എസ്.ബി.റ്റി ശാഖയില്‍ (അക്കൗണ്ട് നമ്പര്‍: 67380102217. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0001017) ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."