ഇഖ്ബാലിന്റെ വിദ്യാഭ്യാസ ദര്‍ശനം
ജനവികാസം ലക്ഷ്യമാക്കിയാണു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കു രൂപം കൊടുക്കുന്നത്. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. നാം ഏറെ പുകഴ്ത്താറുള്ള ഗുരുകുലസമ്പ്രദായം ആധുനികകാലത്ത് അപ്രസക്തമാകുന്നത് ഇക്കാരണംകൊണ്ടാണ്.
പക്ഷേ, എല്ലാ വിദ്യാഭ്യാസരീതികളിലും അന്തര്‍ലീനമായ ഒരു ദാര്‍ശനികവശമുണ്ട്. അതെന്താണെന്ന അവബോധമില്ലാതെ വരുമ്പോഴാണു മാറ്റങ്ങള്‍ അസംബന്ധങ്ങളായി മാറുന്നത്. പാഠ്യപദ്ധതികളും പാഠ്യരീതികളും പരിഷ്‌കരിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗതമായ അന്തര്‍ധാര നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഏതുതരം ആധുനികരീതിയിലും വിദ്യാഭ്യാസത്തിന്റെ ഈ ദര്‍ശനഭാവം പ്രസക്തമാണ്.
മഹാകവി മുഹമ്മദ് ഇഖ്ബാല്‍ ദാര്‍ശനികകവിയും തത്വചിന്തകനുമായിരുന്നു. മനുഷ്യജീവിതത്തിന്റെ കവിയും തത്വചിന്തകനുമായിരുന്നു. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് അദ്ദേഹം കാവ്യങ്ങള്‍ രചിച്ചിട്ടുള്ളത്. ഇഖ്ബാലിന്റെ വിദ്യാഭ്യാസദര്‍ശനവും ഇത്തരം ചിന്താധാരയുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനിലെ ദിവ്യപ്രതിഫലനം അവന്റെ അസ്തിത്വത്തെ പ്രയോജനീഭവിപ്പിക്കാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് ഇഖ്ബാല്‍ കരുതി.
മനുഷ്യന്റെ വികസനം, ശാരീരിക- ബൗദ്ധിക, ആത്മീയ വളര്‍ച്ചയിലൂടെയാണ്. ഇവ ഏകോപിപ്പിക്കാന്‍ വിദ്യാഭ്യാസരീതിക്കു കഴിയുമ്പോള്‍ മാത്രമേ പ്രയോജനകരമായ വിജ്ഞാനസമ്പാദനം നടക്കുകയുള്ളൂ. ''ദൈവമേ, എനിക്കു പ്രയോജനകരമായ വിജ്ഞാനം പ്രദാനം ചെയ്താലും'' എന്ന പ്രവാചകപ്രാര്‍ഥനയുടെ പ്രസക്തി അതുതന്നെയാണ്.
ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതും സ്വഭാവത്തെ സ്വാധീനിക്കുന്നതുമായ വിജ്ഞാനമാണു വിദ്യാഭ്യാസം ഒരു വ്യക്തിക്കു നല്‍കേണ്ടത്. വിജ്ഞാന സമ്പാദകന്‍ സദ്ഗുണ സമ്പന്നനായിരിക്കണം. അവനില്‍ മാറ്റങ്ങളുണ്ടാകണം. അവന്‍ മാറ്റങ്ങളുണ്ടാക്കണം. അവന്റെ ആശയങ്ങളും വൈകാരികചേതനകളും അവന്‍ നേടിയ വിജ്ഞാനംകൊണ്ടു വികസിപ്പിക്കാന്‍ കഴിയണം.
പ്രായോഗത്തിലെത്തിക്കാത്ത വിജ്ഞാനസമ്പാദനം അര്‍ഥശൂന്യമാണ്. പ്രശസ്ത സൂഫിവര്യന്‍ ശൈഖ് അബൂസൈദ് അബു അല്‍ഖൈനിനെ, ഭിഷഗ്വരനും പണ്ഡിതനുമായ അബൂ അലി ഇബ്‌നുസീന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ തന്നെക്കുറിച്ചു സൂഫിവര്യന് എന്തഭിപ്രായമാണുള്ളതെന്നറിയാന്‍ താല്‍പ്പര്യമുണ്ടായി. സൂഫിവര്യന്റെ ശിഷ്യനെ അതറിയാന്‍ ചട്ടംകെട്ടി. ഇബ്‌നുസീന ഉന്നതനായ തത്വജ്ഞാനിയും ഭിഷഗ്വരനും പണ്ഡിതനുമൊക്കെയാണെങ്കിലും സ്വഭാവവൈശിഷ്ട്യമില്ലാത്ത വ്യക്തിയാണെന്നായിരുന്നു ശൈഖിന്റെ വിലയിരുത്തല്‍.
ഇതറിഞ്ഞപ്പോള്‍, താന്‍ സദാചാരത്തെക്കുറിച്ചും സ്വഭാവരൂപീകരണത്തെക്കുറിച്ചും വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ രചിച്ചയാളാണെന്ന് ഇബ്‌നുസീന ശൈഖിനെഴുതി. അലി ഇബ്‌നു സീനക്ക് സ്വഭാവത്തെക്കുറിച്ചുള്ള ജ്ഞാനമില്ലെന്നല്ല താന്‍ അഭിപ്രായപ്പെട്ടതെന്നും ഇബ്‌നുസീനയുടെ ജീവിതത്തില്‍ വൈശിഷ്ട്യമില്ലെന്നാണ് ഉദ്ദേശിച്ചതെന്നും ശൈഖ് വ്യക്തമാക്കി. വിജ്ഞാനമല്ല പ്രധാനം, വിജ്ഞാനം ജീവിതത്തില്‍ പകര്‍ത്തുന്നതാണു ശരിയായ വിദ്യാഭ്യാസം എന്നതിന് ഉദാഹരണമാണ് ഈ സംഭവം.
ഇഖ്ബാലിന്റെ ദര്‍ശനം 'ഖുദി'യുമായി ബന്ധപ്പെട്ടതാണ്. ഖുദിയെന്നാല്‍ സ്വം ആണ്; ഒരാളുടെ ആത്മാംശം. വിദ്യാഭ്യാസവീക്ഷണത്തിലും സ്വമ്മിന്റെ പ്രകാശനമാണു കവി ഉദ്ദേശിക്കുന്നത്. 'അസ്‌റാറെ ഖുദി' എന്ന പ്രശസ്തരചനയില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: 'ശാസ്ത്രത്തിന്റെയും കലകളുടെയും ഉദ്ദേശ്യം അറിവു നേടലല്ല. ഉദ്യാനത്തിന്റെ ഉദ്ദേശ്യം മൊട്ടല്ല, പുഷ്പമാണ്.' ശാസ്ത്രം ജീവസംരക്ഷണത്തിനുള്ള ഉപകരണമാണ്. ശാസ്ത്രം 'സ്വമ്മി'നെ ഉത്തേജിപ്പിക്കുന്നുവെന്നര്‍ഥം.
'ജീവിതം വിജ്ഞാനത്തില്‍നിന്നും ഏറെ വ്യത്യസ്തം. ആത്മാവിന്റെ ആളിക്കത്തലാണു ജീവിതം. വിജ്ഞാനം മസ്തിഷ്‌കത്തെയാണു ജ്വലിപ്പിക്കുന്നത്. വിജ്ഞാനം ഒരാള്‍ക്ക് ആദായവും അധികാരവും ആഹ്ലാദവും നല്‍കിയേക്കാം. പക്ഷേ, അതുകൊണ്ടു തന്റെ സ്വം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്.' (ദര്‍ബിയെ കലീം)
ജ്ഞാനം തൊലിപ്പുറത്തു മാത്രമായാല്‍ അതു സര്‍പ്പമാണെന്നും, ഹൃദയത്തിലേക്കാവാഹിച്ചാല്‍ സുഹൃത്താകുമെന്നും പറഞ്ഞതു റൂമിയായിരുന്നു. ഇതേ ആശയം ഇഖ്ബാല്‍ പ്രകാശിപ്പിക്കുന്നതിങ്ങനെയാണ്: ''ഹൃദയത്തിന്റെ ഊഷ്മളതയില്ലാത്ത വിജ്ഞാനം പൈശാചികമാണ്. അതിന്റെ ജ്വാല കടലിലും കരയിലും അന്ധകാരമാണു നല്‍കുക.''
അറിവുള്ളവനും അറിവില്ലാത്തവനും ഒരുപോലെയല്ലെന്നതിന്റെ ഉപമ കണ്ണുള്ളവന്റെയും കണ്ണില്ലാത്തവന്റെയുമാണെന്നു വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ഇവിടെയോര്‍ക്കുക. 'കണ്ണുകളല്ല അന്ധമാവുന്നത് അവരുടെ നെഞ്ചകങ്ങളിലുള്ള ഹൃദയത്തിനാണു കാഴ്ച നഷ്ടപ്പെടുന്നതെ'ന്ന വിശുദ്ധ ഖുര്‍ആന്‍ വചനം (27:46). ഇഖ്ബാലില്‍ പ്രകാശിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്: ''കാണാന്‍ കഴിയുന്ന ഒരു ഹൃദയത്തെ നല്‍കിയാലും കണ്ണിന്റെ പ്രകാശം ഹൃദയത്തിന്റെതല്ല (ബാല-യെ ജിബ്‌രീല്‍).'' ''സര്‍വവിജ്ഞാനിയായ നാവുകൊണ്ടു പ്രയോജനമില്ല, ഹൃദയം സംസ്‌കരിക്കപ്പെട്ടിട്ടില്ലെങ്കില്‍'' എന്ന അബ്ദുല്‍ഖാദര്‍ ജീലാനിയുടെ വചനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ എന്നതുകൊണ്ടു നാം സാധാരണ ഉദ്ദേശിക്കുന്നതു ബോധനരീതിയിലുള്ള മാറ്റങ്ങളാണ്. വിദ്യാഭ്യാസത്തെ പാഠ്യപദ്ധതികളില്‍ തളച്ചിടുന്നു. പാഠപുസ്തകങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നതു വാക്കുകളുടെ പ്രകാശനം മാത്രമാണ്. പ്രഭാഷണങ്ങളായാലും അങ്ങനെതന്നെ. ആത്മീയോല്‍ക്കര്‍ഷവും സ്വഭാവസംസ്‌കരണവും സാധ്യമാവുമ്പോള്‍ മാത്രമാണു ശരിയായ വിദ്യാഭ്യാസമാവുന്നത്. ബോധനരീതികള്‍ക്ക് അക്ഷരങ്ങളോടാണു ബന്ധമെങ്കില്‍ വിദ്യാഭ്യാസം പ്രവൃത്തികളോടാണു ബന്ധപ്പെടുന്നത്. ബോധനരീതികള്‍ക്കും പാഠ്യപദ്ധതികള്‍ക്കും പ്രാധാന്യംകൊടുക്കുന്നതു വിദ്യാഭ്യാസമല്ല. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങളെല്ലാം കേവലബോധനകേന്ദ്രങ്ങളായി മാത്രം തരംതാഴുന്നു.
മനുഷ്യനു ശരീരവും ആത്മാവുമുണ്ട്. ശരീരം ഒരു ഘനവസ്തുവാണ്. അതു ഭൂമിയിലേക്കാകര്‍ഷിക്കപ്പെടുന്നു. ആത്മാവ് ലഘുവസ്തുവാണ്. അത് ഉന്നതങ്ങളില്‍ പറന്നുകളിക്കുന്നു. അതുകൊണ്ടുതന്നെ അതു മനുഷ്യനെ അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥത നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനുള്ളതാണ്. തിരിച്ചറിവുണ്ടായി നന്നാവണമെന്നാഗ്രഹിക്കുമ്പോഴും ശരീരത്തിന്റെ നിര്‍ബന്ധഘടന നിമിത്തം തെറ്റിലേക്കു പതിക്കപ്പെടുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍നിന്നു മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസത്തിനു കഴിഞ്ഞെങ്കില്‍ മാത്രമേ അതു വിദ്യാഭ്യാസമായി പരിഗണിക്കാനാവുകയുള്ളൂ. 'ആത്മാവ് ശരീരത്തിന്റെ അടിമയാകുമ്പോള്‍ ഹൃദയം മരിക്കുന്നു.' (അര്‍മുഗാനി ഹിജാസ്) ഉള്‍പ്രേരണകള്‍ക്കു വശംവദനാകുന്നതു മൃഗസഹജമാണ്. അവയില്‍നിന്നു മോചിതനാവുന്നതാണു മനുഷ്യലക്ഷ്യം. ശരിയായ മനുഷ്യനാകാന്‍ സഹായിക്കുന്നതാണു വിദ്യാഭ്യാസം.
ശാസ്ത്രീയവിജ്ഞാന നേട്ടങ്ങളില്‍ അഹങ്കരിക്കുന്ന മനുഷ്യന്‍ ഒന്നും നേടിയിട്ടില്ല എന്നാണ് ഇഖ്ബാല്‍ സമര്‍ഥിക്കുന്നത്. മനുഷ്യനെ നശിപ്പിക്കുന്ന ഉപകരണങ്ങളാണു മനുഷ്യന്‍ കൊണ്ടുനടക്കുന്നത്.
'സൂര്യരശ്മികളെ തന്റെ വരുതിയില്‍ കൊണ്ടുവന്നെന്ന് അഭിമാനിക്കുന്നവര്‍, അവന്റെ ജീവിതത്തിന്റെ ഇരുണ്ട രാത്രിയകറ്റാനുള്ള ഒരു പ്രഭാതത്തെപോലും സൃഷ്ടിക്കാത്തവനാണ്.' (ദര്‍ബി കലീം). ''ശാസ്ത്രവും കലകളും യൂറോപ്പിന് അതിയായ വിജ്ഞാനം നല്‍കി, പക്ഷേ, സത്യമെന്തന്നറിയുമോ. ഈ ഇരുണ്ടമേഖലകളില്‍ ജീവിതത്തിന്റെ ധാരകളില്ല എന്നതാണ്.'' (ബാലെ ജിബ്‌രീല്‍).
ദിവ്യ പ്രകാശമില്ലാത്ത വിജ്ഞാനം മനുഷ്യനെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നില്ല. മൂല്യബോധമില്ലാത്ത ഉപചാരങ്ങള്‍ക്കും വിനയത്തിനും അര്‍ഥമില്ല. പ്രവൃത്തികള്‍ക്കു വിശ്വാസമാണ് അടിസ്ഥാനം; വിജ്ഞാനമല്ല. ഹൃദയത്തിനോടടുപ്പമില്ലാത്ത വിജ്ഞാനം ദോഷകരമാണ്. ഹൃദയത്തെയും വിജ്ഞാനത്തെയും വേര്‍പെടുത്തുന്നതുതന്നെ കാപട്യമാണെന്ന് ഇഖ്ബാല്‍ വിശ്വസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."