കലക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം
കോഴിക്കോട്: കലക്ടറേറ്റ് കോംപൗണ്ടിലും ഓഫിസുകളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗം തീരുമാനിച്ചു. അടുത്തിടെ മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ വരവ് കര്‍ശനമായി നിയന്ത്രിക്കും.
കലക്ടറേറ്റിന്റെ പ്രധാന കവാടത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. വിവിധ ആവശ്യത്തിനായി എത്തുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഗെയ്റ്റിന് പുറത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കും. പ്രധാന ഗേറ്റുകളിലും പ്രധാന ഓഫിസുകളുടെ പരിസരങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഇതിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ പി.ഡബ്ല്യു.ഡി ഇലക്‌ട്രോണിക്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തും. കലക്ടറേറ്റിന്റെ വിവിധ ഇടങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
കലക്ടറേറ്റിലെയും മറ്റ് ഓഫിസുകളിലേയും മുഴുവന്‍ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉടനടി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫിസുകളില്‍ വില്‍പനക്കാര്‍ കയറിയിറങ്ങുന്നതും തടയും. കേസുകളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിട്ടുള്ള പഴകിയ വാഹനങ്ങള്‍ നീക്കും. ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഫിനാന്‍സ് ഓഫിസര്‍ ജെസ്സി ഹെലന്‍ ഹമീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."