ആദിവാസി യുവതിക്കെതിരേ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം: മഹേഷ് കക്കത്ത്
കല്പറ്റ: തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനമുള്ള പോസ്റ്റര്‍ പതിച്ചുവെന്നതിന്റെ പേരില്‍ വയനാട്ടിലെ ആദിവാസി യുവതി ഗൗരിക്കെതിരെ ചുമത്തിയിട്ടുള്ള യു.എ.പി.എ പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.
ആദിവാസി വനിതയെന്ന പരിഗണന ഇവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനം യു.എ.പി.എ ചുമത്താവുന്നത്ര അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കാണാനാവില്ല.
സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റില്പ്പെട്ടതുമല്ല ഈ ആദിവാസി വനിത. യു.എ.പി.എ നിയമം പൊലിസ് തക്കം പോലെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള സംഭവങ്ങള്‍ നിരവധിയുള്ളതായും എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ സംശയിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ നാല് വയസുള്ള കുഞ്ഞു കൂടിയുള്ള ഇരുപത്തിയൊന്‍പതുകാരിയായ ആദിവാസി യുവതി ഗൗരിയുടെ പേരില്‍ ചുമത്തിയിട്ടുള്ള യു.എ.പി.എ പിന്‍വലിക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വെള്ളമുണ്ട പൊലിസ് അറസ്റ്റ് ചെയ്ത് ആറ് മാസത്തിലേറെയായി തടവില്‍ കഴിയുന്ന ഗൗരിയെ കണ്ണൂര്‍ വനിതാ ജയിലില്‍ താന്‍ സന്ദര്‍ശിച്ചതായും മഹേഷ് കക്കത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."