താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തിയറ്റര്‍ തുറന്നില്ല; റീത്ത് വച്ച് ധര്‍ണ നടത്തി
കോതമംഗലം: വിവിധ കാരണങ്ങള്‍ പറഞ്ഞ് രണ്ട് പ്രാവശ്യം ഉദ്ഘാടന മാമാങ്കം നടത്തിയ കോതമംഗലം താലൂക്ക് ആശുപത്രിയിലെ പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ നാളുകളായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ തിയറ്ററിനുമുന്‍പില്‍ റീത്ത് വച്ച് ധര്‍ണ നടത്തി. ധര്‍ണ സമരം ജനതാദള്‍(യു) സംസ്ഥാന സമിതി അംഗം മനോജ് ഗോപി റീത്ത് വച്ച് ഉദ്ഘാടനം ചെയ്തു. ആദിവാസികളും സാധാരണക്കാരും പിന്നോക്കക്കാരുമേറെയുള്ള താലൂക്കിലെ ജനങ്ങളുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്.
ഈ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടി ഓപ്പറേഷന് വിധേയമാകുന്ന രോഗികള്‍ പിന്നീട് സമീപ പ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ ഭീമമായ വന്‍ തുക നല്‍കിയാണ് ഓപ്പറേഷന്‍ നടത്തി ജീവന്‍ നിലനിര്‍ത്തുന്നത്. ലക്ഷങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ചിലവ് വരുന്ന ഓപറേഷനുകള്‍ പതിനായിരം രൂപയില്‍ താഴെ ചിലവില്‍ ഈ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നടത്താമെന്നിരിക്കെ അധികാരികളുടെ തികഞ്ഞ അനാസ്ഥയാണ് ഇത് പ്രവര്‍ത്തന ക്ഷമമാകാത്തതിനു പിന്നിലെന്ന് മനോജ് ഗോപി പറഞ്ഞു.
തിയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. ധര്‍ണ്ണയില്‍ സമരസമിതി ചെയര്‍മാന്‍ വി.എന്‍ ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എ സന്തോഷ്, ദീപു മംഗലശ്ശേരി, പരീത് ചെമ്പാര, വാവച്ചന്‍ തോപ്പില്‍ കുടി, ടി.കെ രാജന്‍, അരുണ്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.മോഹന്‍ദാസ് നേര്യമംഗലം നന്ദി പറഞ്ഞു.
ഫുട്പാത്ത് വെട്ടി പൊളിച്ചത് നാട്ടുകാര്‍ തടഞ്ഞു
കളമശ്ശേരി: എച്ച്.എം.ടി റോഡില്‍ മിനി ഇന്‍ഡുസ്ട്രിയല്‍ എസ്‌റേററ്റിലെ സെന്റ് ആന്റണീസ് ഇന്‍ഡസ്ട്രിസിലേക്ക് വഴിയുണ്ടാക്കാന്‍ ഫുട്പാത്ത് പൊളിച്ചു. തിങ്കളാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് ഫുട്പാത്ത് പൊളിക്കാന്‍ തുടങ്ങിയത്. നാട്ടുകാര്‍ എത്തി പൊളിക്കുന്ന പണി തടയുകയും പൊലിസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
തുടര്‍ന്ന് പണി നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ ഫുട്പാത്ത് പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി ലഭിച്ചിരുന്നതായി കമ്പനി ഉടമ വി.പി ആന്റോ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."